ഇന്ത്യൻ സൈന്യത്തിലെ സേവന കാലാവധി നീട്ടാൻ ആലോചന; സൈനികരുടെ സർവീസ് മുപ്പത് വർഷത്തേക്ക് നീട്ടിയേക്കും

ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ സേവന കാലാവധിയും വിരമിക്കൽ പ്രായവും നീട്ടാൻ സാധ്യത. കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്താണ് അറിയിച്ചത്.

രാജ്യത്തെ മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികർക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘സൈനികരുടെ സർവ്വീസ് കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. വിരമിക്കൽ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്.’ ട്രിബ്യൂണിനു നൽകിയ അഭിമുഖത്തിലാണ് ജനറൽ ബിപിൻ റാവത്ത് ഇക്കാര്യം അറിയിച്ചത്.

വർഢിച്ചു വരുന്ന ശമ്പളവും പെൻഷനും ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാൽ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ തീരുമാനം.

”മനുഷ്യ വിഭവശേഷിയുടെ ചെലവുകൾ നോക്കുമ്പോൾ, എന്തുകൊണ്ടാണ് ഒരു ജവാൻ വെറും പതിനഞ്ചോ പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്”- റാവത്ത് പറഞ്ഞു.

Exit mobile version