‘എന്തോ ഒരു പുക പുറത്തുവന്നു, അഞ്ചു പേർ മരിച്ചു’; വിശാഖപട്ടണം വിഷവാതക ദുരന്തത്തിലെ 10 മരണങ്ങൾ മറച്ചും കമ്പനിയിലെ ഒരാളുടെ പേര് പോലും ചേർക്കാതേയും പോലീസ് എഫ്‌ഐആർ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ വിഷവാതക ചോർച്ച കാരണം പത്തുപേർ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് പോലീസ് എഫ്‌ഐആർ. ഫാക്ടറിയിൽ നിന്നും പുറത്തുവന്നത് ‘എന്തോ ഒരു പുകയെന്ന്’ന്നാണ് പോലീസ് എഫ്‌ഐആറിൽ പറയുന്നത്. പിവിസി വാതകമായ സ്റ്റിറീനാണ് ചോർന്നതെന്ന് വ്യക്തമായിട്ടും എഫ്‌ഐആറിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല.

ഫാക്ടറിയിൽനിന്നും ‘എന്തോ ഒരു പുക പുറത്തുവന്നു’ എന്നും ആകെ ‘ദുർഗന്ധം’ പരന്നുവെന്നുമൊക്കെയാണ് പോലീസ് എഫ്‌ഐആറിൽ കുറിച്ചിരിക്കുന്നത്. ഏകദേശം പുലർച്ചെ മൂന്നര മണിയോടെ എൽജി പോളിമേഴ്‌സ് കമ്പനിയിൽ നിന്നും എന്തോ ഒരു വാതകം പുറത്തു വരികയും അത് അടുത്തുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഫാക്ടറിയിൽ നിന്നും ദുർഗന്ധം പുറത്തുവരികയും അത് ജനങ്ങളെ ബാധിക്കുകയുമായിരുന്നു. ഭയന്ന് ആളുകൾ വീട് വിട്ടോടി. സംഭവത്തിൽ 5 പേർ മരിച്ചു. ബാധിച്ച മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,’എഫ്‌ഐആറിൽ പറയുന്നതിങ്ങനെ. വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ 10 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അഞ്ചുപേർ മാത്രം മരിച്ചിട്ടുള്ളൂവെന്നാണ് പോലീസ് റിപ്പോർട്ട്. ഒരു കമ്പനി ജീവനക്കാരന്റെ പേര് പോലും എഫ്‌ഐആറിൽ ചേർത്തിട്ടുമില്ല.

ഐപിസിയുടെ 278ാം വകുപ്പ് (ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിക്കുക), 284 (വിഷമയമായ പദാർത്ഥത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യുക), 285, 337 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി), 338, 304 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഉന്നതതലത്തിലുള്ള അന്വേഷണ സംഘത്തെയാണ് ആന്ധ്രാപ്രദേശ് സർക്കാർ നിയോഗിച്ചതെങ്കിലും ഗോപാലപട്ടണം പോലീസ് സ്റ്റേഷനിലാണ് വാതക ചോർച്ചയുമായി ബന്ധപ്പെട്ട എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫാക്ടറിയിൽ പരിചയ സമ്പത്തുള്ള മുതിർന്ന എഞ്ചിനിയർമാർ അപകട സമയത്ത് ഉണ്ടായിരുന്നില്ല. 24 പേരായിരുന്നു ഫാക്ടറിയിൽ ആ സമയത്ത് ഉണ്ടായിരുന്നത്. അവർക്ക് കാര്യങ്ങൾ അധികം കൈകാര്യം ചെയ്യാനുള്ള പരിചയം ഉണ്ടായിരുന്നില്ലെന്നും ഫാക്ടറിയുടെ ജോയിന്റ് ചീഫ് ഇൻസ്‌പെക്ടർ ജെ ശിവ ശങ്കർ റെഡ്ഡി പറഞ്ഞു.

Exit mobile version