ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തരുത്: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; കേരളത്തിലേക്കുള്ള യാത്രാപാസുകളും കൂട്ടത്തോടെ തളളി

ചെന്നൈ: ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ഈ മാസം 14, 16 തീയ്യതികളിലാണ് ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ട്രെയിന്‍ സര്‍വ്വീസ് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എടപ്പാടി കത്ത് അയച്ചിരിക്കുന്നത്.

അതേസമയം, വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്രാപാസുകള്‍ തമിഴ്‌നാട് കൂട്ടത്തോടെ തളളി. കേരളത്തിന്റെ പാസ് ലഭിച്ചവരിലും അടിയന്തര ആവശ്യക്കാര്‍ക്ക് മാത്രമേ തമിഴ്‌നാട് അനുമതി നല്‍കുന്നുള്ളു. പൊതു വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ഇരട്ടി തുകയ്ക്ക് ടാക്‌സികളില്‍ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയിലാണ് മലയാളികള്‍.

നിശ്ചിത തീയ്യതിയിലെ പാസില്ലാതെ അതിര്‍ത്തിയില്‍ എത്തുന്നവര്‍ കൂടിയതോടെയാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന്റെ പാസ് അപേക്ഷയ്ക്ക് ഒപ്പം നല്‍കുന്നവര്‍ക്ക് മാത്രം ഡിജിറ്റല്‍ പാസ് നല്‍കാന്‍ തമിഴ്‌നാട് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ശരിയായ രീതിയില്‍ അപേക്ഷിക്കുന്നവരുടെ പാസുകളും തമിഴ്‌നാട് നിരസിച്ചു.

അടിയന്തര ചികിത്സ വേണ്ടവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരൊഴികെ ആര്‍ക്കും തമിഴ്‌നാട് പാസ് നല്‍കുന്നില്ല. കേരളത്തിന്റെ പാസ് ലഭിച്ച നിരവധി പേര്‍ മടങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്.

Exit mobile version