ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൂ; വാക്‌സിൻ കണ്ടെത്തും വരെ സാമൂഹിക അകലം പാലിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്ക് ഡൗൺ മേയ് 17ന് അവസാനിക്കാനിരിക്കെ രാജ്യത്തെ ജനങ്ങളോട് സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി മോഡി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് മോഡിയുടെ ആഹ്വാനം.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ പിൻവലിച്ചാലും വാക്‌സിനോ മറ്റ് പ്രതിരോധ മാർഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹ്യ അകലമാണ് കൊവിഡ് വൈറസിനെതിരായ ഏറ്റവും വലിയ ആയുധമെന്ന കാര്യം നമ്മൾ ഓർത്തിരിക്കണം. കൊവിഡ്19നെതിരെ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാർഗം.

കൊവിഡ് 19ന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മൾ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരമെന്നതുപോലെ കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. നമ്മൾ എങ്ങനെ പ്രവർത്തിക്കണമെന്നതിൽ ഇത് മാറ്റം വരുത്തുമെന്നും മോഡി കൂട്ടിച്ചേർത്തു.

മെയ് 15 ന് മുമ്പ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളും വിശദമായി തന്നെ അറിയിക്കണമെന്നും മോഡി നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമായിരുന്നു തിങ്കളാഴ്ച നടന്നത്

Exit mobile version