ലാഭനഷ്ടങ്ങളുടെ കണക്കുനോക്കിയില്ല, ലോക്ക് ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് 85ാം വയസ്സില്‍ അന്നമൂട്ടി ഒരമ്മ, പ്രതിസന്ധിക്കിടയിലും സഹജീവികളോട് കാണിക്കുന്ന സ്‌നേഹം പ്രചോദനപരമെന്ന് മുഹമ്മദ് കൈഫ്

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ജോലിയും കൂലിയുമില്ലാതെ വിശന്നുകഴിയുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അന്നമൂട്ടി ഒരമ്മ. തമിഴ്‌നാട്ടിലെ കെ. കമലത്താള്‍ എന്ന വയോധികയാണ് വിശപ്പകറ്റാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പണം വാങ്ങാതെ ഭക്ഷണം നല്‍കുന്നത്. കമലത്താളിനെ പുകഴ്ത്തി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്തുവന്നു.

രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ മൂലം കുടിയേറ്റ തൊഴിലാളികളാണ് ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. ഭരണകൂടവും സംവിധാനങ്ങളും മനഃപൂര്‍വ്വം ഇവരുടെ പ്രയാസങ്ങള്‍ക്കുനേരെ കണ്ണടക്കുമ്പോഴാണ് വിശക്കുന്ന ഈ തൊഴിലാളികള്‍ക്ക് കമലത്താള്‍ ഭക്ഷണം നല്‍കി രക്ഷകയായത്.

കഴിഞ്ഞ 30 വര്‍ഷമായി വെറും ഒരുരൂപയ്ക്കാണ് കമലത്താള്‍ തന്റെ കടയില്‍ ഇഡലി വിറ്റിരുന്നത്. ലോക്ക് ഡൗണ്‍ നടപ്പിലായതോടെ ഇവരുടെ സമീപത്തുള്ള ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചെങ്കിലും വിശക്കുന്നവര്‍ക്ക് വേണ്ടി കമലത്താള്‍ ഇഡലി ഉണ്ടാക്കിക്കൊണ്ടേയിരുന്നു.

വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടയില്‍ അവര്‍ ലാഭനഷ്ടങ്ങളുടെ കണക്കുനോക്കിയില്ല. ഇവര്‍ നടത്തുന്ന സേവനം ജോലിയും നഷ്ടപ്പെട്ട് കൈയില്‍ മതിയായ പണമില്ലാതെ ഭക്ഷണത്തിന് വകയില്ലാതെ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അനുഗ്രഹമാവുകയാണ്.

85-ാമത്തെ വയസിലും കമലത്താളിന്റെ സേവനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ പുകഴ്ത്തി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്തുവന്നത്. പ്രതിസന്ധിക്കിടയിലും കമലത്താള്‍ കാണിക്കുന്ന ഈ സഹജീവി സ്‌നേഹം പ്രചോദനപരമാണെന്ന് വിശദീകരിച്ച് കൈഫ് ട്വീറ്റ് ചെയ്തു.

Exit mobile version