രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ കുറയുന്നു; പ്രതീക്ഷയുണർത്തി പുതിയ കണക്കുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം പുതിയ കൊറോണവൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

വ്യാഴാഴ്ച 3355 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നത്. അതിനൊരു ദിവസം മുമ്പ് 3530 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 3340 ഉം ശനിയാഴ്ച 3083 ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് ആദ്യവാരത്തിൽ ഇന്ത്യയിൽ കൊറോണ വ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് തുടർച്ചയായി മൂന്ന് ദിവസം പുതിയ കേസുകളിൽ കുറവ് വരുന്നത്. എന്നാൽ ഗ്രാഫിലെ ചെറിയ താഴ്ച രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ നൽകുകയാണ്.

അതേസമയം, ഡാറ്റയിലെ പൊരുത്തകേടുകളെ തുടർന്ന് ഡൽഹി സർക്കാർ വിവരങ്ങൾ പുറത്തുവിടുന്നതിനായി അർദ്ധരാത്രി മുതൽ അർദ്ധരാത്രി വരെയുള്ള 24 മണിക്കൂർ സൈക്കിൾ പിന്തുടരാൻ തീരുമാനിച്ചു. വൈകുന്നേരം നാല് മണിവരെ ശേഖരിച്ച വിവരം പുറത്തുവിടുന്ന രീതി അവസാനിപ്പിച്ചാണ് പുതിയ തീരുമാനം.

ഇതിനിടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62939 ആയി. 19358 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2109 മരണവും റിപ്പോർട്ട് ചെയ്തു.

Exit mobile version