ഇറാനില്‍ ഞെട്ടിക്കുന്ന വാര്‍ത്ത, രോഗം ഭേദമായെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇളവുകള്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും കൊറോണ വ്യാപിച്ചു, 1500 പുതിയ കേസുകള്‍

ടെഹ്റാന്‍: കൊറോണ രോഗം ഏറെകുറെ ഭേദമായി എന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഇറാനിലെ സ്ഥലങ്ങളില്‍ വീണ്ടും കൊറോണ വ്യാപിക്കുന്നു. ഇത് ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. രോഗം പൂര്‍ണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കൊറോണ വിട്ടുപോയെന്ന് വ്യക്തമായതോടെ ഇറാനിലെ പലസ്ഥലങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവിടെയെല്ലാം വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നത്.

ശനിയാഴ്ച മാത്രം 1500 പുതിയ കേസുകളാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖുസെസ്താനില്‍ രോഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കൈനൂഷ് ജഹാന്‍പൂര്‍ പറഞ്ഞു. ഖുസെസ്താന്‍ പ്രവിശ്യ ചുവപ്പ് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ തലസ്ഥാനമായ ടെഹ്റാന്‍, ഷിയാക്കളുടെ പുണ്യ ഭൂമിയായ ഖും എന്നിവയെല്ലാം ചുവപ്പ് നിറത്തിലാണ് വരിക.

വീണ്ടും കൊറോണ വ്യാപിക്കുന്നത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. വീണ്ടും രോഗം പടരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇറാനിലെ മറ്റു മേഖലകളില്‍ രോഗം കുറഞ്ഞിട്ടുണ്ട്. ഇറാനില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഖും നഗരത്തിലായിരുന്നു ഇത്. ചൈനയുമായി വ്യാപാര ഇടപാടുള്ള വ്യക്തികളിലായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.

Exit mobile version