കൊവിഡിന് മുന്നില്‍ അടിപതറി ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 60000 കവിഞ്ഞു, മരണസംഖ്യ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 60000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 3277 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 62939 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2109 ആയി ഉയര്‍ന്നു.

രാജ്യത്ത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 20228 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 779 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ 7796 പേരും ഡല്‍ഹിയില്‍ 6542 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പിനെ സഹായിക്കുകയാണ് ദൗത്യം. ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചിരിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം.

Exit mobile version