നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞു, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം

നരസിങ്പുര്‍: കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഹൈദരാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മധ്യപ്രദേശിലെ നരസിങ്പുരില്‍ വെച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നും മാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ യാത്ര. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍ വെച്ച് ട്രക്ക് മറിയുകയായിരുന്നു.

20ഓളം പേരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ഇവര്‍. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘത്തിലെ 15 പേര്‍ ട്രെയിനിടിച്ച് മരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. സംഭവത്തിന്റെ ഞെട്ടിലില്‍ നിന്നും രാജ്യം ഇനിയും മോചിതരായിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്.

Exit mobile version