ജനങ്ങള്‍ കൊറോണയ്‌ക്കൊപ്പം ജീവിക്കാനും പഠിച്ചിരിക്കണം, വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പതിനായിരങ്ങള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍, ജൂലായ് മാസങ്ങളില്‍ രാജ്യത്ത് കൊറോണ വ്യാപനം പാരമ്യത്തിലെത്താമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരണമായാണ് അഗര്‍വാള്‍ ഇക്കാര്യം പറഞ്ഞത്. സാമൂഹികാകലം, ശുചിത്വം തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കില്‍ രോഗവ്യാപനം പാരമ്യത്തിലെത്തില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

അടച്ചിടല്‍ കാലാവധി 40 ദിവസം കഴിഞ്ഞിട്ടും രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ല, നിയന്ത്രിതമേഖലാതലങ്ങളിലുള്ള പ്രതിരോധതന്ത്രങ്ങളായിരിക്കും നടപ്പാക്കുക. ഓരോ ജില്ലയിലും നിയന്ത്രിതമേഖലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം, ഇരട്ടിക്കല്‍ നിരക്ക് തുടങ്ങിയ വിശകലനംചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് റിപ്പോര്‍ട്ട്‌ചെയ്ത കൊറോണ കേസുകളില്‍ 60 ശതമാനവും എട്ടുനഗരങ്ങളില്‍നിന്നുള്ളതാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പുണെ, താനെ, ഇന്ദോര്‍, ചെന്നൈ, ജയ്പുര്‍ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ടുചെയ്തത്.

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് 42 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രാജ്യത്തെ 216 ജില്ലയില്‍ ഒരു കൊറോണ കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 42 ജില്ലയിലും 21 ദിവസത്തിനുള്ളില്‍ 29 ജില്ലയിലും പുതുതായി ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Exit mobile version