24 മണിക്കൂറിനിടെ 1,089 പുതിയ രോഗികള്‍, 37 മരണം, കൊറോണയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര, ആശങ്ക

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തൊമ്പതിനായിരം കടന്നതായി റിപ്പോര്‍ട്ട്. ആകെ രോഗികളുടെ എണ്ണം 19,063 ആയി. കഴിഞ്ഞദിവസം 1,089 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 731 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം മുബൈയില്‍ മാത്രം 748 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 11,967 ആയതായി ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

പുണെയിലെ ദോണ്ടില്‍ കൊറോണ ഡ്യൂട്ടിക്കായി നിയോഗിച്ച സ്റ്റേറ്റ് പോലീസ് റിസര്‍വ്വ് ഫോഴ്(ഗ്രൂപ്പ്-7)സിലെ 15 പോലീസുകാര്‍ക്കു കൂടി കൊറോണ ബാധിച്ചതായി എസ്.പി.ആര്‍.എഫ്. കമാന്‍ഡന്റ് അറിയിച്ചു. ഇതോടെ കൊറോണ ബാധിച്ച എസ്.പി.ആര്‍.എഫ്. അംഗങ്ങളുടെ എണ്ണം 27 ആയി.

ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ 160 ജവാന്മാരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് 3,470 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു.

Exit mobile version