മഹാരാഷ്ട്രയിലെ തീവണ്ടി അപകടം: ലോക്കോ പൈലറ്റ് വണ്ടി നിർത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് റെയിൽവേ; അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ പാളത്തിൽ കിടന്നുറങ്ങുകയായിരുന്ന 14 പേർ തീവണ്ടിയിടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ. പാളത്തിൽ തൊഴിലാളികളെ കണ്ടതിനെ തുടർന്ന് ലൊക്കോ പൈലറ്റ് വണ്ടി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും തൊഴിലാളികൾക്ക് മേൽ തട്ടുകയായിരുന്നുവെന്നും റെയിൽവേ അറിയിച്ചു.

‘ഇന്ന് അതിരാവിലെ, പാളത്തിൽ ചില തൊഴിലാളികളെ കണ്ടതിനെത്തുടർന്ന് ചരക്ക് വണ്ടിയുടെ ലോക്കോ പൈലറ്റ് വണ്ടി നിർത്താൻ ശ്രമിച്ചു. എന്നാൽ പർഭാനിമൻമദ് സെക്ഷനിൽ ബദ്‌നാപൂർകർമദ് സ്റ്റേഷനുകൾക്ക് ഇടയിൽ അവർക്ക് മേൽ തീവണ്ടി തട്ടി. പരിക്കേറ്റവരെ ഔറംഗാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു.’- റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

ഇന്ന് പുലർച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഭുവാസലിലേക്ക് ജൽനയിൽ നിന്ന് 170 കിലോമീറ്ററോളം റെയിൽവേ പാളത്തിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തളർന്ന ഇവർ റെയിൽവേ പാളത്തിൽ ഉറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം പാളത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ചരക്ക് തീവണ്ടിയിടിച്ചാണ് അപകടമുണ്ടായത്. ജൽനയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version