പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടും സ്വദേശത്തേക്ക് മടങ്ങാതെ അന്നം തന്ന നാടിനെ കാത്ത് ഈ അതിഥി തൊഴിലാളികൾ; കൊവിഡ് ആശുപത്രി നിർമ്മാണത്തിന്റെ തിരക്കിൽ

മുംബൈ: പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും ഇത്രനാളും അന്നം നൽകിയ നാടിനെ ആപത്ത് കാലത്ത് കൈവിടാതെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ മുംബൈയിൽ ആശുപത്രി നിർമ്മാണത്തിന്റെ തിരക്കിലാണ്. നാട്ടിൽ കുടുംബം കാത്തിരിക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രി നിർമ്മാണത്തിന്റെ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് തൊഴിലാലികൾ നാട്ടിലേക്ക് മടങ്ങാതെ നിർമ്മാണപദ്ധതികൾ പൂർത്തീകരിക്കുന്നത്.

മഹാരാഷ്ട്രയിൽ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ മുംബൈയിൽ പ്രത്യേക കോവിഡ് ആശുപത്രികൾ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ കുടിയേറ്റ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ1000 കിടക്കകളുള്ള ആശുപത്രി പണിയുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് 50ലധികം വരുന്ന കുടിയേറ്റ തൊഴിലാളികൾ. മുംബൈയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 10,000 കടന്ന സാഹചര്യത്തിലാണ് പുതിയ ആശുപത്രികൾ ഒരുക്കുന്ന പ്രവർത്തനങ്ങളിലേക്ക് സർക്കാർ കടന്നത്. ബിഹാർ, യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാതെ മുംബൈയിൽ താമസിച്ച് പ്രത്യേക ആശുപത്രികളുടെ നിർമ്മാണവും മറ്റും പൂർത്തിയാക്കുന്നത്.

”ഞങ്ങൾക്കും വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഒരു പൈസ പോലും ഞങ്ങൾ സമ്പാദിച്ചിട്ടില്ല., ഞങ്ങളുടെ തുച്ഛമായ സമ്പാദ്യം തീർന്നു. ഞങ്ങളുടെ കുടുംബങ്ങൾക്കും ഞങ്ങളെ ആവശ്യമാണ്. എന്നാൽ ഈ ആശുപത്രി പണിയുന്നത് ഇപ്പോൾ വളരെ പ്രധാനമാണ്, അതിനാൽ ജോലി പൂർത്തിയാക്കിയേ ഇനി വീടുകളിലേക്കുള്ളൂ, ”-ബീഹാറിൽ നിന്നുള്ള ഒരു തൊഴിലാളി ഇന്ത്യ ടുഡേയോട് പറഞ്ഞതിങ്ങനെ.

Exit mobile version