ലോക്ക്ഡൗൺ: മദ്യശാലകൾ തുറന്നതിന് പിന്നാലെ ആദ്യത്തെ അപകടം; കുത്തബ് മിനാറിന്റെ മതിലിലേക്ക് കാറിടിച്ച് കയറ്റി യുവാവ്; കാർ കത്തിയമർന്നു

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മദ്യശാലകൾ ഡൽഹിയിൽ കഴിഞ്ഞദിവസം നിയന്ത്രണങ്ങളോടെ തുറന്നതിന് പിന്നാലെ മദ്യലഹരി കാരണം ആദ്യത്തെ അപകടം റിപ്പോർട്ട് ചെയ്തു. മദ്യലഹരിയിൽ കാർ ഓടിച്ച് കയറ്റി കുത്തബ് മിനാറിന്റെ മതിൽ ഇടിച്ച് തകർത്ത് അപകടം ഉണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുൺ ചൗഹാൻ എന്നയാൾക്കെതിരെയാണ് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡൽഹി മെഹറൗലി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് അരുൺ ചൗഹാന്റെ കാർ കുത്തബ് മിനാർ കോംപൗണ്ട് മതിലിൽ ഇടിച്ച് തകർന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു, മതിൽ തകരുകയും ചെയ്തു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ സുരക്ഷാജീവനക്കാരാണ് കാർ കത്തിയമരും മുൻപെ ഡ്രൈവറെ രക്ഷിച്ചത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നും വാഹനം അമിതവേഗത്തിലാണ് എത്തിയതെന്നും കണ്ടെത്തി.

പൊതുമുതൽ നശിപ്പിച്ച അരുൺ ചൗഹാനിൽ നിന്നും നഷ്ടപരിഹാരത്തുകയും പിഴയും ഈടാക്കണമെന്ന് കുത്തബ് മിനാർ അധികൃതർ മെഹൗറലി പോലീസിനോട് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version