തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും, നാട്ടിലേയ്ക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരവധി അതിഥി തൊഴിലാളികളാണ് പലയിടങ്ങളിലുമായി കുടുങ്ങി കിടക്കുന്നത്. ഇത്തരക്കാരെ അവരവരുടെ നാടുകളില്‍ എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഹായ ഹസ്തവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്.

നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്ന് അവര്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രാനിരക്ക് ഈടാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തി കൊണ്ടാണ് യാത്രക്കൂലി തങ്ങള്‍ വഹിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിക്കുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ പറയുന്നു. തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞത് ഇങ്ങനെ;

1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ ഗതാഗത സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം ചെലവഴിച്ചത് 100 കോടി രൂപയാണ്. ആ സര്‍ക്കാരാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നത്. നിരക്ക് ഈടാക്കുന്ന റെയില്‍വെ 151 കോടി പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കി. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവര്‍.

Exit mobile version