ശവമഞ്ചമേന്തി നൃത്തച്ചുവടുകളുമായി പോലീസ്, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് കിടിലന്‍ പണി

ചെന്നൈ: ജീവനുകള്‍ കവര്‍ന്നെടുക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ച് ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ആവര്‍ത്തിച്ചു പറയുകയാണ്.

എന്നാല്‍ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ലോക്ക് ഡൗണ്‍ ലംഘനം പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസുകാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാന് അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണ് തമിഴ്‌നാട് പോലീസ്.

ഘാനയിലെ പാള്‍ ബെയറേഴ്‌സിനെ അനുകരിച്ചുള്ള പ്രകടനവുമായാണ് പോലീസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കാരിക്കാനായി ചുമന്ന് കൊണ്ടു പോകുന്നവരാണ് പാള്‍ ബെയറേഴ്‌സ്. മൃതദേഹത്തിനോട് ആദരവ് പ്രകടിപ്പിച്ച് അത്യന്തം ആഹ്‌ളാദത്തോടെ പാട്ടും നൃത്തവുമായാണ് സംസ്‌കാരത്തിന് കൊണ്ടുപോകുന്നത്.

ഈ രീതിയിലാണ് പോലീസ് ബോധവത്കരണം നടത്തുന്നത്. പോലീസിന്റെ പുതിയ ബോധവത്ക്കരണപരിപാടിയുടെ വീഡിയോ ഇന്റര്‍നെറ്റിലാകെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോലീസിന്റെ ഡാന്‍സിങ് വീഡിയോയില്‍ ബൈക്കുമായി കറങ്ങാനിറങ്ങുന്ന യുവാവിനെയാണ് ആദ്യം കാണുന്നത്.

വഴിയില്‍ പോലീസിനെ കണ്ട യുവാവിന്റെ മനസില്‍ ഓടിയെത്തുന്നത് ശവമഞ്ചമേന്തി നൃത്തച്ചുവടുകളുമായി നീങ്ങുന്ന പോലീസുകാരുടെ ചിത്രമാണ്. അത് കണ്ട് ഭയപ്പെട്ട് മടങ്ങിപ്പോകുന്ന യുവാവും തുടര്‍ന്ന് പോലീസ് നല്‍കുന്ന ബോധവത്കരണ സന്ദേശവുമാണ് വീഡിയോയിലുള്ളത്.

സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചിരി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ് വീഡിയോ. ആവശ്യക്കാര്‍ക്കായി പ്രകടനം നടത്താന്‍ ഘാനയില്‍ പ്രത്യേക സംഘം തന്നെ ശവസംസ്‌കാരഘോഷയാത്രയ്ക്കായി നിലവിലുണ്ട്. വളരെ രസകരവും ആകര്ഷണീയവുമാണ് ഈ നൃത്തപ്രകടനം. പാള്‍ ബെയറേഴ്‌സിന്റെ പാട്ടും നൃത്തവും ഈ വര്‍ഷം ആരംഭത്തില്‍ വൈറലായിരുന്നു.

Exit mobile version