ജനിച്ച് 12-ാം നാള്‍ കൊവിഡ് സ്ഥിരീകരിച്ചു; മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിജയം, കുഞ്ഞ് രോഗമുക്തി നേടി, ‘പ്രകൃതി’ ഭോപ്പാലിന്റെ അത്ഭുതശിശു

Road Accident | Bignewslive

ഭോപ്പാല്‍: ജനിച്ച് 12-ാം നാള്‍ കൊവിഡ് സ്ഥിരീകരിച്ച നവജാത ശിശു വൈറസില്‍ നിന്നും രോഗമുക്തി നേടി. മധ്യപ്രദേശിലാണ് നവജാത ശിശുവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു മാസം പോലും തികയാത്ത കുഞ്ഞാണ് കൊവിഡ് രോഗമുക്തി നേടി വീട്ടില്‍ തിരിച്ചെത്തിയത്. ഏപ്രില്‍ ഏഴിന് സുല്‍ത്താനിയ ആശുപത്രിയില്‍ ആണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് അരികലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയില്‍ നിന്നാണ് കുഞ്ഞിന് രോഗം പടര്‍ന്നത്. പിതാവാണ് ഇക്കാര്യം പറഞ്ഞത്.

പിന്നാലെ ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. പ്രസവ ശേഷം ഏപ്രില്‍ 11-നാണ് ആശുപത്രിയില്‍നിന്ന് കുഞ്ഞും അമ്മയും വീട്ടിലെത്തുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കു രോഗബാധയുണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഒമ്പത് ദിവസം പ്രായമുള്ളപ്പോള്‍ കുഞ്ഞിന്റെ സാമ്പിളുകളെടുത്തു.

ഏപ്രില്‍ 19-ന് 12 ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കുടുംബാഗങ്ങളെല്ലാം കൊവിഡ് നെഗറ്റീവ് ആയിരുന്നു. പിന്നീട് 15 ദിവസത്തോളം അമ്മയും കുഞ്ഞും ക്വാറന്റൈനില്‍ കഴിഞ്ഞു. ഒടുവില്‍ കുഞ്ഞ് രോഗമുക്തി നേടുകയും ചെയ്തു. ‘ഞങ്ങളുടെ മകള്‍ രോഗമുക്തയായി കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ തിരിച്ചെത്തി. മഹാമാരിക്കെതിരേ പോരാടിയവളെന്ന നിലയ്ക്ക് അവള്‍ക്ക് ഞങ്ങള്‍ പ്രകൃതിയെന്നാണ് പേരിട്ടിരിക്കുന്നത്.’ കുഞ്ഞിന്റെ പിതാവ് പറയുന്നു.

Exit mobile version