മുലയൂട്ടാന്‍ ഇടമുണ്ടോയെന്ന് അന്വേഷിച്ചു; ഇതൊക്കെ അങ്ങ് വീട്ടിലെന്ന് ധിക്കാര മറുപടി; പ്രതിഷേധിച്ച് യുവതി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; സ്വകാര്യ മാള്‍ വിവാദത്തില്‍

മാളില്‍ ഷോപ്പിങിനെത്തിയ പിഞ്ചുകുഞ്ഞിന്റെ അമ്മയോട് അധികൃതരുടെ മോശം പെരുമാറ്റം.

കൊല്‍ക്കത്ത; നഗരത്തിലെ പ്രശസ്തമായ മാളില്‍ ഷോപ്പിങിനെത്തിയ പിഞ്ചുകുഞ്ഞിന്റെ അമ്മയോട് അധികൃതരുടെ മോശം പെരുമാറ്റം. കുഞ്ഞിന് മുലയൂട്ടാനുള്ള ഇടമന്വേഷിച്ച യുവതിക്കാണ് കൊല്‍ക്കത്തയിലെ സൗത്ത് സിറ്റി മാളില്‍ നിന്നും മോശം അനുഭവമുണ്ടായത്.

പിന്നീട് മാളിന്റെ ഫേസ്ബുക്ക് പേജില്‍ കുഞ്ഞിനെ മുലയൂട്ടാന്‍ വൃത്തിയുള്ള സ്ഥലം ഒരുക്കണമെന്ന് ഈ അമ്മ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യത്തിനെ പരിഹസിക്കുന്ന കമന്റാണ് മാള്‍ മറുപടിയായി നല്‍കിയത്. പിന്നാലെ സോഷ്യല്‍മീഡിയയില്‍ രോഷം പുകഞ്ഞതോടെ മാള്‍ അധികൃതര്‍ മാപ്പു പറഞ്ഞു.

നവജാതശിശുവിനൊപ്പം മാളിലെത്തിയ കൊല്‍ക്കത്ത സ്വദേശിയായ അമ്മ മുലയൂട്ടാന്‍ ഇടമന്വേഷിച്ചപ്പോള്‍ ടോയ്ലറ്റില്‍ പോകാനാണ് സ്റ്റാഫ് നല്‍കിയ മറുപടി. തുടര്‍ന്ന് മാളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ യുവതി മുലയൂട്ടാന്‍ സ്ഥലമില്ലെന്ന് ചൂണ്ടിക്കാണിച്ച് മോശം റിവ്യൂ നല്‍കി. ഇതിന് മാളിന്റെ ഔദ്യോഗിക പേജില്‍ നിന്നെത്തിയ മറുപടി ഇങ്ങനെ:

‘മുലയൂട്ടാന്‍ ഇടമില്ല എന്നതൊരു ബുദ്ധിമുട്ടായി തോന്നിയത് തന്നെ വലിയ തമാശ. മാളില്‍ മുലയൂട്ടാന്‍ അനുവാദമില്ലാത്തതിന് നിരവധി കാരണങ്ങളുണ്ട്. അടിയന്തരസാഹചര്യങ്ങളില്‍ മാളിലെത്തുന്നവരെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ ഇതൊരു ഷോപ്പിങ് മാളാണ്. അതുകൊണ്ട് വീട്ടുകാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യുക. അവ ഇതുപോലുള്ള സ്ഥലങ്ങളില്‍ ചെയ്യാന്‍ ശ്രമിക്കരുത്, അല്ലെങ്കില്‍ അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. നിങ്ങള്‍ക്ക് കുഞ്ഞിനെ മുലയൂട്ടണമെന്ന് തോന്നുമ്പോഴൊക്കെ പൊതുസ്ഥലങ്ങളില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. പൊതുസ്ഥലങ്ങളിലെത്തുന്ന മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഞങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല..’

ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. പിന്നാലെ യുവതിയുടെ മറുപടിയുമെത്തി: ”ഒരു ഷോപ്പിങ് മാളില്‍ വേണ്ട അത്യാവശ്യ കാര്യങ്ങളായ ബേബി റൂം, ഫീഡിങ് സോണ്‍ എന്നിവയെക്കുറിച്ചാണ് ഞാന്‍ പരാതിയുയര്‍ത്തിയത്. മുലയൂട്ടാന്‍ വൃത്തിഹീനമായ ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ അവര്‍ ആദ്യം പറഞ്ഞു. അടിസ്ഥാനസൗകര്യം ആവശ്യപ്പെട്ടതിന് അവര്‍ നല്‍കിയ മറുപടി നോക്കൂ. കുഞ്ഞുങ്ങളും അവരെ മുലയൂട്ടുന്നതും വീട്ടുകാര്യമല്ല. അവര്‍ക്ക് വേണ്ടപ്പോഴൊക്കെ മുലയൂട്ടേണ്ടത് ആവശ്യമാണ്. ഒരു സ്ത്രീക്കും അവരുടെ മാറിടം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുണ്ടാകില്ല. വളരെ പ്രാഥമികമായ ഒരാവശ്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.”

യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് നിരവധിയാളുകള്‍ മാളിനെതിരെ രംഗത്തുകയും ചെയ്തതോടെ വെട്ടിലായ മാള്‍ അധികൃതര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഏജന്‍സിയുടെ പരാമര്‍ശത്തില്‍ മാപ്പുപറയുന്നുവെന്ന് അറിയിച്ച പോസ്റ്റില്‍, നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അവ പൂര്‍ത്തിയായാല്‍ എല്ലാ ഫ്‌ലോറുകളിലും ഫീഡിങ് റൂമുകള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. അസൗകര്യം നേരിട്ട യുവതിയോട് മാപ്പുചോദിക്കുന്നതായും കുറിപ്പില്‍ പറയുന്നു. ഈ പോസ്റ്റിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Exit mobile version