ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്‌ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും, രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യും; വര്‍ധിച്ച് വരുന്ന മുസ്‌ലിം വിരുദ്ധത വിദേശത്ത് ഇന്ത്യയുടെ മോശം പ്രതിച്ഛായക്ക് കാരണമാകുന്നുവെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ”ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‌ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുകയാണ്. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെ മാറ്റേണ്ടതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

‘ഗവര്‍ണ്‍മെന്റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ കടുത്ത പിന്തുണക്കാരില്‍ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്‌ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ സമവായ ശ്രമത്തിനായുള്ള മോഡിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

യു.എ.ഇ രാജകുടുംബാംഗവും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്‌ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version