കൊവിഡ് സംശയത്തെ തുടർന്ന് ക്വാറന്റൈനിലാക്കിയ ഡോക്ടർ രക്ഷപ്പെടാൻ ശ്രമിച്ചു; ഓടിച്ചിട്ട് പിടികൂടി പോലീസ്

ആഗ്ര: കൊവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടർന്ന് രോഗബാധ സംശയിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്ന സർക്കാർ ഡോക്ടർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡോക്ടറുടെ രക്ഷപ്പെടാനുള്ള ശ്രമം തകർത്ത പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഡോക്ടറെ പിടികൂടാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലുമായി.

കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകിയതിനെ തുടർന്നാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറെ ക്വാറന്റൈനിൽ പാർപ്പിച്ചിരുന്നത്. എന്നാൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ തയാറാകാതെ ഡോക്ടർ ആശുപത്രി വിടുകയായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിടികൂടി വീണ്ടും ക്വാറന്റൈനിൽ പാർപ്പിച്ചു. വൃന്ദാവൻ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്ന് ആശുപത്രി തിങ്കളാഴ്ച മുതൽ ഭാഗികമായി അടച്ച് ഇവിടുത്തെ എല്ലാ ഡോക്ടർമാരേയും ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

അതേസമയം ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്ന ഡോക്ടർമാരെ സ്ഥിരമായി കാണാതാകാറുണ്ടെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. ഡോക്ടർമാരെക്കൂടാതെ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 13 ആരോഗ്യപ്രവർത്തകരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലരേയും ബുധനാഴ്ച രാത്രി കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഇവരുടെ കൊവിഡ് പരിശോധന ഇപ്പോഴും നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതെ കടന്നുകളഞ്ഞ ആരോഗ്യ പ്രവർത്തകർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് സർവാഗ്യ റാം മിശ്ര പറഞ്ഞു

Exit mobile version