രാജ്യത്തിന് ആശ്വാസ വാര്‍ത്ത, കൊറോണയില്‍ നിന്നും രോഗമുക്തി നേടുന്നവരുടെ നിരക്ക് 25 ശതമാനമായി

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമേകുന്ന വാര്‍ത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടുന്നവരുടെ നിരക്ക് 25 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗംബാധിച്ച 33,610 പേരില്‍ 8373 പേര്‍ സുഖംപ്രാപിച്ചു.

രാജ്യത്തെ മരണനിരക്ക് 3.2 ശതമാനമാണ്. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തില്‍ 15 ദിവസത്തിനിടെ 63.89 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 24.5 ശതമാനത്തിന്റെ വര്‍ധനയും. അതേസമയം, രോഗികളുടെ എണ്ണം ഇരട്ടിയാകാനുള്ള കാലയളവും കൂടിയിട്ടുണ്ടെന്ന് മന്ത്രാലയവക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു.

അടച്ചിടലിനുമുമ്പ് 3.4 ദിവസംകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതിന് 11 ദിവസമെടുക്കുന്നുണ്ടെന്നും മന്ത്രാലയവക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞുകൂട്ടിച്ചേര്‍ത്തു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതില്‍ ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന 16 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്.

രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതില്‍ ശരാശരി 40 ദിവസത്തില്‍ കൂടുതലെടുക്കുന്ന നാലുസംസ്ഥാനങ്ങളുണ്ട്. അസം (59 ദിവസം), തെലങ്കാന (70.8), ഛത്തീസ്ഗഢ് (89.7), ഹിമാചല്‍പ്രദേശ് (191.6 ദിവസം). ശരാശരി 20 ദിവസത്തിനും 40 ദിവസത്തിനുമിടയില്‍ വേണ്ടിവരുന്ന നാലുസംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവുമുണ്ട്.

കര്‍ണാടക (21.6 ദിവസം), ലഡാക്ക് (24.2), ഹരിയാണ (24.2), ഉത്തരാഖണ്ഡ് (30.3), കേരളം (37.5 ദിവസം). ശരാശരി 11 ദിവസത്തിനും 20 ദിവസത്തിനും ഇടയില്‍ വേണ്ടിവരുന്ന അഞ്ചുസംസ്ഥാനങ്ങളും രണ്ടുകേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. ഡല്‍ഹി (11.3 ദിവസം), ഉത്തര്‍പ്രദേശ് (12), ജമ്മുകശ്മീര്‍ (12.2), ഒഡിഷ (13), രാജസ്ഥാന്‍ (17.8), തമിഴ്‌നാട് (19.1), പഞ്ചാബ് (19.5).

അതേസമയം , രാജ്യത്ത് പകുതിയിലേറെ രോഗികളുള്ളത് മൂന്നുസംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ടുചെയ്ത കേസുകളില്‍ 52 ശതമാനം മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ മൂന്നുസംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തെ റെഡ്‌സോണുകളുടെ എണ്ണം 170-ല്‍നിന്ന് 129 ആയി. ഗ്രീന്‍ സോണുകളുടെ എണ്ണം 325-ല്‍നിന്ന് 307 ആയി. ഓറഞ്ച് സോണുകളുടെ എണ്ണം 207-ല്‍നിന്ന് 297 ആയി വര്‍ധിച്ചു.

Exit mobile version