നിരീക്ഷണത്തിൽ നിന്നും കടന്നുകളഞ്ഞു; 17 കിലോമീറ്റർ നടന്ന് എഴുപതുകാരനായ കൊവിഡ് രോഗി വീട്ടിലെത്തിയപ്പോൾ വീടുപൂട്ടി ബന്ധുക്കൾ ക്വാറന്റൈനിലും!

പൂണെ: മഹാരാഷ്ട്രയിലെ പൂണെ ബലേവാഡിയിൽ എഴുപതു വയസ്സുകാരനായ കൊവിഡ് രോഗി ഐസൊലേഷനിൽനിന്നു രക്ഷപ്പെട്ടു. തുടർന്ന് 17 കിലോ മീറ്ററോളം നടന്ന് ഇയാൾ വീട്ടിലേക്ക് എത്തുകയായിരുന്നു. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനം സജ്ജീകരിച്ച ക്വാറന്റൈൻ സംവിധാനത്തിലായിരുന്നു ഇയാൾ.

പിന്നീട് ഇവിടെ നിന്നും ആരോടും പറയാതെ കഴിഞ്ഞദിവസം കടന്നുകളയുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് ഐസൊലേഷനിൽനിന്നു രക്ഷപ്പെട്ടത് എന്നാണ് ഇയാളുടെ വാദം. അധികൃതർ ഐസോലേഷനിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് നല്ല ശുചിമുറിയോ താമസസൗകര്യമോ ഇല്ലെന്നും ഇയാൾ ആരോപിക്കുകയാണ്.

അതേസമയം, കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ കയറാൻ സാധിക്കാതെ വീടിനു മുന്നിൽ അവശനായിരിക്കുന്ന രോഗിയെക്കുറിച്ച് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് അധികൃതർ എത്തി തിരിച്ചുകൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഐസോലേഷൻ സെന്ററുമായി ബന്ധപ്പെട്ടപ്പോൾ കൊവിഡ് രോഗി രക്ഷപ്പെട്ട വിവരം അറിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.

ഏപ്രിൽ 25നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Exit mobile version