പൊതുഗതാഗതം ഉണ്ടാകില്ല, സ്‌കൂളുകള്‍ തുറക്കില്ല, മെയ് മൂന്നിനുശേഷം അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് ; കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിനുശേഷം അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും. കൊറോണ തീവ്രവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്കും.

രോഗവ്യാപനം കുറവുള്ള ഓറഞ്ച്, പച്ച മേഖലകളിലാണ് അനുമതി നല്‍കുക. അതേസമയം, റെഡ്‌സോണുകള്‍ അടച്ചിടും. ട്രെയിന്‍, വിമാനം അടക്കം പൊതുഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും തുടങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. ആരാധനാലയങ്ങളില്‍ പൊതുചടങ്ങ് അനുവദിക്കില്ല.

കര്‍ശന നിയന്ത്രണം ഇല്ലാത്ത ജില്ലകള്‍ക്കുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൊതു ഗതാഗതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ജില്ലകള്‍ കടന്നുള്ള യാത്രയ്ക്ക് തല്ക്കാലം അനുമതി നല്കില്ലെന്നാണ് സൂചനകള്‍. അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല.

കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ഭാഗിക ഇളവുകള്‍ നല്കിയാല്‍ മതിയെന്ന നിര്‍ദേശമാണ് കേരളം മുന്നോട്ടുവെക്കുന്നത്. അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയനയമാണ് വേണ്ടതെന്നും കേരളം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ അടച്ചുപൂട്ടല്‍ ഒരു മാസംകൂടി തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒഡിഷ, മേഘാലയ, ഗോവ സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

Exit mobile version