കര്‍ണാടകയില്‍ നിന്ന് വനത്തിലൂടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികളെ വനം വകുപ്പ് പിടികൂടി

വീരാജ്‌പേട്ട: കര്‍ണാടകയില്‍ നിന്ന് വനത്തിലൂടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികളെ കര്‍ണാടക വനം വകുപ്പ് പിടികൂടി. കര്‍ണാടകയില്‍ കൃഷിപ്പണി ചെയ്യുന്ന പേരാവൂര്‍ സ്വദേശികളായ രാധാകൃഷ്ണന്‍, അനീഷ്, സനില്‍, കാക്കയങ്ങാട് സ്വദേശിയായ പ്രഭാകരന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരെ വീരാജ്‌പേട്ടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

വനത്തിലൂടെ മണിക്കൂറുകളോളം നടന്ന് കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അറബിത്തട്ട് മേഖലയില്‍ എത്തിയപ്പോഴാണ് ഇവര്‍ വനംവകുപ്പിന്റെ പിടിയിലായത്.

കര്‍ണാടകയില്‍ നിന്ന് ചില ഏജന്റുമാര്‍ പണം വാങ്ങി വനത്തിലൂടെ ആളുകളെ കേരളത്തിലേക്ക് കടത്തിവിടുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലേറെ മലയാളികളാണ് കര്‍ണാടകയില്‍ നിന്ന് വനത്തിലൂടെ കാല്‍നടയായി കേരളത്തിലെത്തിയത്. കാലാങ്കി, തൊട്ടിപ്പാലം, കച്ചേരിക്കടവ്, ആറളം മേഖലകളില്‍ എത്തിയ ഇവരെ കേരളാ പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version