മാസ്‌ക് ധരിക്കുക എന്നത് പുരോഗതി നേടിയ സമൂഹത്തിന്റെ ലക്ഷണം; പൊതുനിരത്തിൽ തുപ്പുന്നത് മോശം സ്വഭാവം; ഒഴിവാക്കിയേ തീരൂ: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളോട് മാസ്‌ക് ധരിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്‌കുകൾ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. ഞായറാഴ്ച നടത്തിയ മൻകിബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

‘ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കൊവിഡിനെതിരേ പോരാടുന്ന ജനതയെയാണ് നാം കാണുന്നത്. ചിലർ പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നു. ചിലർ മാസ്‌ക് നിർമ്മാണത്തിലേർപ്പെടുന്നു. ചിലർ സ്വന്തം ഭൂമി വിറ്റ് പണം കണ്ടെത്തുന്നു. ചിലർ പെൻഷൻ സംഭാവന ചെയ്യുന്നു. ആരെയും പട്ടിണിക്കിടാതിരിക്കാൻ കർഷകരും കഠിന പ്രയത്‌നത്തിലാണ്’, പ്രധാനമന്ത്രി പറഞ്ഞു.

‘കൊവിഡ് നമുക്ക് ചുറ്റും ഒരുപാട് മാറ്റങ്ങളുണ്ടാക്കി. കൊറോണയെത്തുടർന്ന് മാസ്‌കുക്കൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. എന്നു കരുതി മാസ്‌ക് ധരിക്കുന്നവർ രോഗികളാണെന്നല്ല. മാസ്‌ക് ധരിക്കുക എന്നത് പുരോഗതി നേടിയ സംസ്‌കാരമുള്ള സമൂഹത്തിന്റെ ലക്ഷണമായി മാറിയിരിക്കുകയാണ്’.

‘പൊതുനിരത്തിൽ തുപ്പുന്നത് മോശം സ്വഭാവമാണ്. മാത്രവുമല്ല മറ്റുള്ളവരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുമാണത്. ഇനിയും വൈകിയിട്ടില്ല. തുപ്പുന്ന ശീലം ആളുകൾ ഒഴിവാക്കിയേ തീരു. ഇത് ശുചിത്വം ഉറപ്പാക്കുകയും കൊവിഡിനെതിരേയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version