ഒരു ഹിന്ദു വ്യക്തിയുടെ പ്ലാസ്മ കൊണ്ട് മുസ്ലിമായ ഒരു രോഗിയെ രക്ഷിക്കാം, തിരിച്ചും; മതത്തിന്റെ വേർതിരിവില്ലാതെ പ്ലാസ്മ ദാനം ചെയ്യാൻ ആഹ്വാനം ചെയ്ത് കെജരിവാൾ

ന്യൂഡൽഹി: കൊവിഡ് വ്യാപനം ഡൽഹിയിൽ രൂക്ഷമാകുന്നതിനിടെ രോഗത്തെ ചെറുക്കാൻ മതത്തിന്റെ വേർതിരിവില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് കൊവിഡ് ഭേദമായവർ മതമോ മറ്റെന്തെങ്കിലും കാര്യമോ നോക്കാതെ പ്ലാസ്മ ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്തത്തിലെ പ്ലാസ്മ മതത്തെ തമ്മിൽ വേർതിരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അരവിന്ദ് കെജരിവാൾ, ഒരു ഹിന്ദു വ്യക്തിയുടെ പ്ലാസ്മയ്ക്ക് മുസ്ലിമായ ഒരു രോഗിയെ രക്ഷിക്കാമെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും പറഞ്ഞു.

മുന്നോട്ട് വന്ന് പ്ലാസ്മ ദാനം ചെയ്യുക. കൊറോണ വൈറസ് പ്രതിസന്ധിക്കെതിരെ പൊരുതുകയും അതിജീവിക്കുകയും വേണം. നാളെ ഒരു രോഗി ഹിന്ദുവാണെന്നിരിക്കട്ടെ, ഗുരുതരാവസ്ഥയിലുമാണ് ഒരു മുസ്ലിം വ്യക്തിയുടെ പ്ലാസ്മയ്ക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞേക്കാം, അല്ലെങ്കിൽ ഒരു മുസ്ലിം രോഗി ഗുരുതരാവസ്ഥയിലാണെങ്കിൽ ഒരു ഹിന്ദു വ്യക്തിയുടെ പ്ലാസ്മയ്ക്ക് അവരെ രക്ഷിക്കാൻ കഴിയുമെന്നും കെജരിവാൾ പറഞ്ഞു.

മതം നോക്കാതെ ആർക്കും മാരകമായ വൈറസ് ബാധിക്കാമെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു. ആർക്കും കൊറോണ വൈറസ് ബാധിക്കാം. ഹിന്ദുവായാലും മുസ്ലിമായാലും ആരായാലും കൊറോണ വൈറസ് ബാധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു, ഡൽഹിയിലെ കൊവിഡ് 19 രോഗികളിലെ പ്ലാസ്മ തെറാപ്പിയുടെ പ്രാഥമിക ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു.

Exit mobile version