മുടിവെട്ടാനായി സലൂണില്‍ എത്തിയ ആറ് പേര്‍ക്ക് കൊറോണ, ബാര്‍ബര്‍ എല്ലാവര്‍ക്കും നല്‍കിയത് ഒരേ തുണി

ഭോപ്പാല്‍: മുടിവെട്ടാനും താടിവടിക്കാനുമായി ഒരേ സലൂണ്‍ സന്ദര്‍ശിച്ച ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. എന്നാല്‍ ബാര്‍ബറുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ദോറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ അടുത്തിടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഏപ്രില്‍ 5 ന് ഇയാള്‍ മുടി മുറിക്കാനായി സലൂണില്‍ പോയി. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് സലൂണ്‍ സന്ദര്‍ശിച്ചവരെയെല്ലാം പരിശോധനയക്ക് വിധേയരാക്കുകയായിരുന്നു. ഇതേ ദിവസം സലൂണിലെത്തിയ 12 പുരുഷന്മാരുടെ സാമ്പിളുകള്‍ അധികൃതര്‍ പരിശോധനയ്ക്കായി അയച്ചു. ഇവരില്‍ ബാര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള ആറ് പേരുടെ ഫലം പോസിറ്റീവായി.

ഇതോടെ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഗ്രാമം അടച്ചു. ബാര്‍ബര്‍ ആറ് പേരുടെ മുടി മുറിക്കുമ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചതെന്നും ഇതാണ് രോഗം പകരാന്‍ കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാര്‍ബറുടെ പരിശോധനാഫലം നെഗറ്റീവാണ്. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇതുവരെ 60 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് കൊറോണ മരണങ്ങളും ജില്ലയില്‍ സംഭവിച്ചു.

Exit mobile version