രാജ്യത്ത് കൊറോണ ബാധിച്ച് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൂടി ദാരുണാന്ത്യം, ആശങ്ക

ഛത്തീസ്ഗഡ്: രാജ്യത്ത് കൊറോണ ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂര്‍ എയിംസിലെ നഴ്‌സാണ് മരിച്ചത്. രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിക്കുന്നത് രാജ്യം ഒന്നടങ്കം ആശങ്കയോടെയാണ് നോക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37 മരണവും 1752 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 723 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 23,452 കവിഞ്ഞു. രോഗവിമുക്തി നിരക്ക് 20.57 ശതമാനത്തില്‍ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും ഉയര്‍ന്ന മരണസംഖ്യ രേഖപ്പെടുത്തിയ മണിക്കൂറുകളാണ് കടന്നുപോയത്. എന്നാല്‍ രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞെന്നും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നുവെന്നാണ് വിലയിരുത്തല്‍.

28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അതേസമയം, രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഫലപ്രദമായി എന്നാണ് വിലയിരുത്തല്‍. അടച്ചുപൂട്ടല്‍ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതര്‍ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.

Exit mobile version