കൊവിഡ് ബാധിച്ച നവജാത ശിശു ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

ന്യൂഡൽഹി: കൊവിഡ് പോസിറ്റീവായ രോഗികളെ ഡൽഹിയിലെ ലോക്‌നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. ചൂരിവാല സ്വദേശിയായ നസീമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇയാൾക്കും കുടുംബത്തിലെ നവജാത ശിശു ഉൾപ്പെടെ ഏഴുപേർക്കും കൊവിഡാണെന്ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

പരിശോധനാഫലം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി നസീം ഉൾപ്പെടെ മൂന്നുപേർ ലോക് നായക് ആശുപത്രിയിൽ എത്തിയെങ്കിലും ഇവർക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നസീം, ഇയാളുടെ മകൻ, സഹോദരൻ, രണ്ടു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രാത്രി ലോക്‌നായക് ആശുപത്രിയിലെത്തിയത്. എന്നാൽ ഇവർക്ക് ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.

കൊവിഡ് കാറ്റഗറി മൂന്നിൽ ഉൾപ്പെട്ടതാണ് ലോക് നായക് ആശുപത്രിയെന്നും ഇത് പ്രകാരം തീവ്രപരിചരണ വിഭാഗത്തിലോ വെൻറിലേറ്ററിലോ പ്രവേശിപ്പിക്കേണ്ട രോഗികൾക്കാണ് മുൻഗണന എന്നും അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടുമണിക്കൂറോളം ഇവർ ആശുപത്രിക്ക് മുന്നിൽ ഇരുന്നു. പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് നസീം പറഞ്ഞു.

വിഷയം വിവാദമായതോടെ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ജെസി പാസേയ്‌യുടെ നിർദേശപ്രകാരം കുഞ്ഞുൾപ്പെടെ മൂന്നുപേരെ പ്രവേശിപ്പിച്ചു. നസീമിന്റെ കുടുംബത്തിലെ മറ്റുള്ളവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളും കോവിഡ് രോഗികൾക്കായി ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. മൂന്ന് തരത്തിലുള്ള കൊവിഡ് ആശുപത്രികളിലും വൈറസ് ബാധ സംശയമുള്ളവർക്കും സ്ഥിരീകരിച്ചവർക്കും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കണമെന്നും നിർദേശത്തിലുണ്ട്. ഇത് ലംഘിച്ചാണ് ആശുപത്രി രോഗികൾക്ക് പ്രവേശനം നിഷേധിച്ച് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.

Exit mobile version