സാധനങ്ങൾ ഡെലിവറി ചെയ്ത യുവാവിനെ മതത്തിന്റെ പേരിൽ അവഹേളിച്ച് കസ്റ്റമർ; അറസ്റ്റ് ചെയ്ത് പോലീസ്

താനെ: അവശ്യസാധനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഡെലിവറി ചെയ്യാനെത്തിയ യുവാവിനോട് വിദ്വേഷപരമായി പെരുമാറിയ ഉപഭോക്താവിനെ അറസ്റ്റ് ചെയ്തു. ഡെലിവറി ബോയി മുസ്ലിം സമുദായത്തിൽപ്പെട്ടതിനാൽ ഡെലിവറി സ്വീകരിക്കാൻ വിസമ്മതിച്ച ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ഡെലിവറി ബോയിയുടെ പരാതിയെ തുടർന്ന് ഗജനൻ ചതുർവേദി എന്ന ആളെ കാശിമിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 295(എ) പ്രകാരമാണ് ഗജനൻ ചതുർവേദിക്കെതിരെ കേസെടുത്തതെന്ന് കാശിമിറ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് ഹസാരെ പറഞ്ഞു.

പ്രതിയെ താനെ സെഷൻസ് കോടതിയിൽ ഹാജരാക്കി 15,000 രൂപ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സാധനങ്ങൾ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി എത്തിയത്. സാധനങ്ങൾ വാങ്ങിക്കാൻ ഗേറ്റിനടുത്തെത്തിയ ചതുർവേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങൾ വാങ്ങിക്കാൻ ചതുർവേദി തയ്യാറായില്ല. താൻ മുസ്‌ലിങ്ങളുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാറില്ലെന്നായിരുന്നു ചതുർവേദി പറഞ്ഞത്.

അതേസമയം, ലോക്ക്ഡൗൺ കാലത്ത് കൊവിഡ് പടരാനുള്ള സാധ്യതപോലും തള്ളി കളഞ്ഞ് താൻ ജീവൻ പണയം വെച്ചാണ് അവർക്ക് സാധനം എത്തിച്ചത്. പക്ഷേ ഈ ആപത്ഘട്ടത്തിൽ അവർക്ക് തന്റെ മതമാണ് വിഷയം. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും എന്നെ ഞെട്ടിച്ചെന്ന് ഡെലിവറി ബോയി പ്രതികരിച്ചു.

Exit mobile version