കരുതലിന് നന്ദി പ്രകടനവുമായി അതിഥി തൊഴിലാളികള്‍; നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്തു, വലിയ പോക്കറ്റുകളില്ല, പക്ഷേ വലിയ മനസുണ്ടെന്ന് സോഷ്യല്‍മീഡിയ

സികര്‍: തങ്ങള്‍ക്ക് നല്‍കിയ കരുതലിന് നന്ദി പ്രകടനമായി നിരീക്ഷണത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികറിലാണ് ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ തങ്ങളോട് ഗ്രാമം കാണിച്ച സ്നേഹാദരങ്ങള്‍ക്കുളള നന്ദി പ്രകടനമായി രംഗത്തെത്തിയത്. 54 കുടിയേറ്റ തൊഴിലാളികളാണ് ഇവിടെയുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവുക എന്ന ലക്ഷ്യവും മനസില്‍ കണ്ടാണ് സ്‌കൂളിന് പെയിന്റടിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി സ്‌കൂള്‍ പെയിന്റടിച്ചിട്ട്. കുടിയേറ്റ തൊഴിലാളികള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കി ഗ്രാമമുഖ്യനും ഗ്രാമവും പിന്തുണയുമായി ഒപ്പം നില്‍ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഗ്രാമവാസികള്‍ക്കായി ഇങ്ങനെയൊരു സഹായം ചെയ്ത് നല്‍കാനായതില്‍ തൊഴിലാളികള്‍ വളരെയധികം സന്തോഷത്തിലുമാണ്. ഈ പ്രവര്‍ത്തിക്ക് പതിന്‍മടങ്ങ് പിന്തുണയുമാണ് സോഷ്യല്‍മീഡിയയും നല്‍കുന്നത്. ഇവര്‍ക്ക് വലിയ പോക്കറ്റുകളില്ല, പക്ഷേ വിശാലമായ മനസ്സുണ്ട്. കൃതഞ്ജതയുമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

Exit mobile version