കൈയ്യില്‍ പണമില്ല; ഗംഗാ നദിയില്‍ നിന്ന് വെള്ളമെടുത്തും ഭക്ഷണം പാകം ചെയ്തും ഗുഹയില്‍ തങ്ങി വിദേശികള്‍; ഒടുവില്‍ പിടിയില്‍, ക്വാറന്റൈന്‍ ചെയ്തു

ഋഷികേശ്: കൈയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഗുഹയില്‍ തങ്ങിയ വിദേശികളെ പോലീസ് കണ്ടെത്തി. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്ന ആറംഗസംഘത്തെയാണ് പോലീസ് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലാണ് സംഭവം. ലക്ഷ്മണ്‍ ഝുല മേഖലയില്‍ ഗംഗ നദിക്ക് സമീപത്തുള്ള ഒരു ഗുഹയിലാണ് ഈ സംഘം കഴിഞ്ഞു വന്നത്.

ലോക്ക്ഡൗണ്‍ പരിശോധനയ്ക്ക് ഇറങ്ങിയ പോലീസാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലെ രണ്ട് പേര്‍ ഉക്രൈനില്‍ നിന്നുള്ളവരാണ്. തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സംഘത്തിലുണ്ടായിരുന്നു. ഗുഹയില്‍ വിദേശികള്‍ കഴിയുന്നതായി നാട്ടുകാരില്‍ ചിലരാണ് പോലീസിന് വിവരം കൈമാറിയത്.

വിറക് ഉപയോഗിച്ച് വിദേശികള്‍ ഗുഹയില്‍ ഭക്ഷണം പാചകം ചെയ്തും മറ്റുമാണ് ഇവര്‍ ഗുഹയില്‍ കഴിഞ്ഞിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗംഗാ നദിയില്‍ നിന്നാണ് ഇവര്‍ വെള്ളം ശേഖരിച്ചിരുന്നത്. കൈയിലെ പണം തീര്‍ന്നതിനാല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ ഗുഹയിലേയ്ക്ക് മാറിയത്.

എല്ലാവരും ഋഷികേശിലേയ്ക്ക് രണ്ട് മാസം മുമ്പാണ് എത്തിയതെന്നും ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇവര്‍ ഗുഹയിലേക്ക് മാറിയതെന്നും പോലീസ് വ്യക്തമാക്കി. ഇവരെ ക്വാറന്റൈന്‍ സെന്ററിലേയ്ക്ക് മാറ്റിയതായും ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.

Exit mobile version