സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; ജാഗ്രത

പെരുമ്പാവൂരില്‍ മാത്രം യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നത് ഇരുപത്തിഅയ്യായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഇത്രയും ക്രൂരകൃത്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കാനുള്ള നടപടികള്‍ പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.

പെരുമ്പാവൂരില്‍ മാത്രം യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നത് ഇരുപത്തിഅയ്യായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്.

നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും ഇതര സംസ്ഥാനക്കാരുടെ കൃത്യമായ എണ്ണം പോലും ശേഖരിക്കാന്‍ അധികൃതര്‍ക്ക് ആവുന്നില്ല. സംസ്ഥാനത്തെ നടുക്കിയ ജിഷ കൊലക്കേസിനു ശേഷമാണ് ഇതര സംസ്ഥന തൊഴിലാളികളെ സംബന്ധിച്ച വിവരം ശേഖരിക്കാന്‍ തൊഴില്‍ വകുപ്പും പോലീസും തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രമം തുടങ്ങിയത്. ബംഗാളികള്‍ എന്ന പേരില്‍ എത്തുന്നവരില്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരും ഉണ്ടെന്ന കണ്ടെത്തലും വിവര ശേഖരണത്തിന് കാരണമായി.

ഒപ്പം ആസാമില്‍ നിന്നെത്തുവരില്‍ മാവോയിസ്റ്റ് ബന്ധം ഉള്ളവര്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വദേശത്തു നിന്നുള്ള കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇവരുടെ കൈവശമില്ലാത്തതിനാല്‍ വിവര ശേഖരണം തുടക്കത്തില്‍ തന്നെ പാളി. പിന്നീട് ഇവര്‍ക്ക് ചികിത്സ ആവാസ് ഇന്‍ഷ്വറന്‍സ് കാര്‍ഡിനു വേണ്ടി തൊഴില്‍ വകുപ്പ് വിവരം ശേഖരണം നടത്തി. എന്നാല്‍ 48,000 ത്തോളം പേര്‍ മാത്രമാണ് ഇതുവരെ ഇതിനായി രേഖകള്‍ ഹാജരാക്കിയത്. ഇനിയും ഇരുപത്തി അയ്യായിരത്തിലധികം പേര്‍ പെരുമ്പാവൂരില്‍ മാത്രം ഉണ്ടെന്നാണ് തൊഴില്‍ വകുപ്പ് പറയുന്നത്.

നാടിനെ നടുക്കിയ ജിഷ വധക്കേസ്, ഉള്‍പ്പെടെ നിരവധി കൊലപാതക കേസുകളാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം യുവതിയെ കൊലപ്പെടുത്തിയ സംഭവം കൂടെയുണ്ടായതോടെ പെരുമ്പാവൂരുകാര്‍ ഭീതിയിലാണിപ്പോള്‍ കഴിയുന്നത്.

Exit mobile version