ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിഞ്ഞോടിച്ച അഞ്ച് പേര്‍ക്ക് കൊറോണ, നിരീക്ഷണം ശക്തം

ലഖ്‌നോ: ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിഞ്ഞോടിച്ച കേസിലെ പ്രതികളായ അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് ബാധ. ഉത്തര്‍പ്രദേശില്‍ മുറാദാബാദിലാണ് സംഭവം. 17 പേരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചതില്‍ അഞ്ച് പേരുടെ ഫലം പോസിറ്റീവ് ആണെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മിലിന്ദ് ഗാര്‍ഗ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് കൊറോണ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കല്ലെറിഞ്ഞോടിച്ചത്. നവാബ്പുര പ്രദേശത്ത് കൊറോണ സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രദേശവാസികള്‍ കല്ലെറിഞ്ഞ് ഓടിച്ചത്.

കല്ലേറില്‍ ആംബുലന്‍സ് തകരുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ഇടപെട്ടതോടെ പോലീസ് ജീപ്പുകള്‍ക്ക് നേരെയും അക്രമികള്‍ കല്ലെറിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.

റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കാണ് 17 പേരുടെയും സാമ്പിള്‍ പരിശോധനക്കായി അയച്ചത്. ഇതില്‍ അഞ്ച് പേരുടെ ഫലം പോസിറ്റീവ് ആണെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മിലിന്ദ് ഗാര്‍ഗ് പറഞ്ഞു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version