മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍, പുതിയ തീരുമാനം ലോക്ക്ഡൗണ്‍ മൂലം പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യത്ത് അണുനാശിനിയായ സാനിറ്റൈസറുകളുടെ ഉപയോഗവും വര്‍ധിച്ചിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ പല സ്ഥലങ്ങളിലും സാനിറ്റൈസറുകള്‍ കിട്ടാതെയുമായി. ഇതിന് പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഫുഡ് കോര്‍പ്പറേഷനില്‍ ബാക്കിയുള്ള അരി ഉപയോഗിച്ചാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം. പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്.

അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കണക്ക്. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ പഞ്ചസാര കമ്പനികളെയും ഡിസ്റ്റിലറികളെയും എഥനോള്‍ ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം.

എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ഇത് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. അതേസമയം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കില്‍ രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Exit mobile version