ഇന്ത്യയിലെ തന്നെ ആദ്യത്തെ കൊവിഡ് മുക്ത സംസ്ഥാനമായി ഗോവ; എല്ലാ ക്രെഡിറ്റും അക്ഷീണം പ്രവർത്തിച്ച ഈ ഡോക്ടർക്ക്; പ്രശംസിച്ച് ആരോഗ്യവകുപ്പ്

പനജി: കൊവിഡ് 19 രോഗത്തെ പടിക്ക് പുറത്തുനിർത്തിയ ആദ്യത്തെ സംസ്ഥാനമായി ഗോവ ചരിത്രത്താളിൽ ഇടം തേടിയിരിക്കുകയാണ്. ഞായറാഴ്ചയോടെയാണ് ഗോവയിൽ കോവിഡ് 19 രോഗികളുടെ എണ്ണം പൂജ്യമായി മാറിയത്. ശേഷിച്ചിരുന്ന ഏഴ് കോവിഡ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ഗോവ പരിപൂർണ്ണമായി കൊറോണ മുക്തമായത്.

ടൂറിസ്റ്റ് സ്‌പോട്ടായിട്ടും ഗോവയിൽ കൊവിഡ് പടരാതെ പിടിച്ചുനിർത്താനായത് വലിയ ക്രെഡിറ്റായാണ് സർക്കാരും നോക്കികാണുന്നത്. അതേസമയം, കൊറോണ രോഗികളെ എല്ലാം ചികിത്സിച്ചു ഭേദമാക്കി പുതിയൊരു മാതൃക സൃഷ്ടിച്ച ഗോവയിൽ എടുത്തുപറയേണ്ടത് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. എഡ്വിൻ ഗോമസിന്റെ പോരാട്ടങ്ങളെയാണ്. ഇദ്ദേഹത്തിന്റെ കൂടി വിജയമായാണ് ഈ നേട്ടത്തെ സംസ്ഥാനം കാണുന്നത്.

ഗോവയിലെ ഏക മെഡിക്കൽ കോളേജായ ഗോവ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം തലവനായ എഡ്വിൻ ഗോമസാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കൊവിഡ് ബാധ സ്ഥിരീകരിച്ച എല്ലാവരെയും ചികിത്സിച്ച് രോഗമുക്തരാക്കാൻ സാധിച്ചു എന്നതാണ് ഈ 58കാരന്റെ നേട്ടം.

കൊവിഡ് ആശുപത്രയിൽ വൈറസുമായി നേരിട്ട് ഇടപെട്ടുകൊണ്ട് അക്ഷീണം പ്രവർത്തിക്കാനുള്ള എഡ്വിൻ ഗോമസിന്റെ ധൈര്യത്തെയും ജോലിയോടുള്ള ആത്മാർഥതയെയും മറ്റു ഡോക്ടർമാരും എടുത്തു പറയുന്നു. കൊവിഡിനെതിരായ സംസ്ഥാനത്തിന്റെ വിജയകരമായ പോരാട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും അവർ നൽകുന്നത് എഡ്വിൻ ഗോമസിനാണ്.

കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നണി പോരാളിയായിരുന്ന എഡ്വിൻ ഗോമസിനെ സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ തന്നെ കഴിഞ്ഞ ദിവസം പ്രശംസിക്കുകയും ചെയ്തു. ഗോവയിലെ കൊവിഡ് ആശുപത്രിയുടെ നോഡൽ ഓഫീസറാണ് എഡ്വിൻ ഗോമസ്.

ആരോഗ്യ പ്രവർത്തകരെല്ലാം മൂന്നു സംഘമായാണ് ഇദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചത്. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ എന്നിവർ മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവർത്തിച്ചത്. കൃത്യമായ ആസൂത്രണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളെയും ചികിത്സയെയും വിജയത്തിലേയ്ക്ക് നയിക്കാൻ ഡോക്ടർക്ക്കഴിഞ്ഞതായി രോഗികളും ആരോഗ്യപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.

Exit mobile version