ലോക്ക് ഡൗൺ കാരണം പട്ടിണി; കാട്ടിൽ ഭക്ഷണം തേടി പോയപ്പോൾ കിട്ടിയത് രാജവെമ്പാലയേയും; ഒന്നു നോക്കിയില്ല കൊന്ന് ഭക്ഷണമാക്കി; ഒടുവിൽ യുവാക്കൾക്ക് വഴി തെളിഞ്ഞത് ജയിലിലേക്കും

ഗുവാഹത്തി: വ്യത്യസ്തമായ ഭക്ഷണരീതികൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവന്നിരിക്കുന്ന ഒരു വാർത്ത എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. അരുണാചൽ പ്രദേശിൽ ലോക്ക്ഡൗണിനിടെ ഒരു കൂട്ടം യുവാക്കൾ വിഷപ്പാമ്പിനെ കൊന്ന് ഭക്ഷണമാക്കിയാണ് ഞെട്ടിച്ചിരിക്കുന്നത്.

സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇതോടെ അധികൃതർ കേസെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് ഒരു സംഘം ആളുകൾ കൊന്ന് ഭക്ഷണമാക്കിയത്. കാട്ടിനുള്ളിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയതെന്ന് ഇവർ പറയുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ മൂന്ന് പേർ ചത്ത രാജവെമ്പാലയെ തോളിലിട്ട് നിൽക്കുന്നതായി കാണാം. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാൻ വാഴയിലകൾ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്.

കൊവിഡ്19 വ്യാപനത്തെ തടയാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കാരണം തൊഴിലില്ലാതെ ആവുകയും പ്രദേശവാസികളെല്ലാം തന്നെ പട്ടിണിയാവുകയും ചെയ്തതോടെയാണ് ഇവർ കാട്ടിലേക്ക് ഭക്ഷണം തേടി പോയത്. കാട്ടിൽ നിന്നും കിട്ടിയത് പാമ്പിനെയാണെന്നും സംഘത്തിലൊരാൾ പറയുന്നുണ്ട്.

അതേസമയം, വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തിൽ പെടുന്നയിനമാണ് രാജവെമ്പാല. രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമാണ്.

Exit mobile version