കേടുവന്ന കിറ്റുകളും ഉറപ്പില്ലാത്ത പരിശോധനാഫലങ്ങളും നൽകുകയാണ് ഐസിഎംആർ; ഗുരുതര ആരോപണങ്ങളുമായി ബംഗാൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ചിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കേടായ ടെസ്റ്റിങ് കിറ്റുകളും തീർച്ചയില്ലാത്ത ഫലങ്ങളുമാണ് ഐസിഎംആർ നൽകുന്നതെന്നും പലപ്പോഴും ടെസ്റ്റിങ് ഫലങ്ങൾ തരാൻ വളരെ വൈകുന്നുവെന്നും പശ്ചിമ ബംഗാൾ സർക്കാർ ആരോപിക്കുന്നു.

‘ഫലങ്ങൾ വൈകാനുള്ള കാരണമനേഷിക്കണമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ ഫലം നൽകുന്ന തരത്തിൽ കിറ്റുകൾ ക്രമീകരിച്ചിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. പല കിറ്റുകളും വ്യത്യസ്ത ഫലങ്ങളാണ് കാണിക്കുന്നത്. ഇതിനാൽ തീർച്ചയിലെത്താൻ സാധിക്കുന്നില്ല’- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ്(എൻഐസിഇഡി) ഡയറക്ടർ ഡോ. ശാന്ത ദത്ത പറയുന്നു.

അതേസമയം, ഇതുവരെ 310 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചിമ ബംഗാളിൽ 12 പേരാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കേസുകളുടെ എണ്ണം കൂടുകയാണ്. അതേസമയം ടെസ്റ്റുകളുടെ എണ്ണവും പശ്ചിമ ബംഗാളിൽ കുറവാണ്. ഈ സാഹചര്യത്തിൽ ഫലം അറിയാൻ വൈകുന്നതും കേടുവന്ന ടെസ്റ്റിങ് കിറ്റുകളും സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തെ പിന്നോട്ടടിക്കുന്നുവെന്നും മമതാ സർക്കാർ ആരോപിക്കുന്നു.

Exit mobile version