പാവപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കണം; സൗജന്യ ഭക്ഷണത്തിനായി വരിനിൽക്കുകയാണ് അവർ; കേന്ദ്രത്തെ ഹൃദയമില്ലാത്തവരെന്ന് വിളിച്ച് പി ചിദംബരം

ന്യൂഡൽഹി: കൊവിഡ് വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗൺ ഏർപ്പെടുത്തുകയല്ലാതെ പട്ടിണിയിലാകുന്ന പാവപ്പെട്ടവരെ കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ലോക്ക് ഡൗണിനെത്തുടർന്ന് തൊഴിൽനഷ്ടപ്പെട്ടവരും പട്ടിണിയിലായവരുമായ ദരിദ്രരുടെ അന്തസ്സ് സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആളുകൾ പണത്തിന് വേണ്ടി നട്ടംതിരിയുകയാണെന്നും സൗജന്യ ഭക്ഷണത്തിനായി വരിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൃദയമുള്ള ഒരു സർക്കാറിന് ഇങ്ങനെ ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കൂടുതൽ കൂടുതൽ ആളുകളുടെ പണം തീർന്നുകൊണ്ടിരിക്കുകയാണ്. സൗജന്യ ഭക്ഷണത്തിനായി നിരയിൽ നിൽക്കാൻ അവർ നിർബന്ധിതരാകുന്നു എന്നതിന് തെളിവുണ്ട്. ഹൃദയമില്ലാത്ത ഒരു സർക്കാറിന് മാത്രമേ ഇങ്ങനെ ഒന്നും ചെയ്യാതെ ഇങ്ങനെ മാറിനിൽക്കാൻ പറ്റുള്ളൂ,’ ചിദംബരം ട്വീറ്റ് ചെയ്തു.

പാവപ്പെട്ടവരെ പട്ടിണിയിൽ നിന്ന് സർക്കാർ രക്ഷിക്കണമെന്നും പാവപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ രാജ്യത്തെ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഗോഡൗണുകളിൽ സംഭരിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനായി സർക്കാർ ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version