‘ശാരീരികവും മാനസികവുമായി തളർത്താം; അല്ലാതെ ഒരു ഗുണവും ഇല്ല’; ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്ന പ്രാകൃത നടപടിക്ക് എതിരെ ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്താനെന്ന നിലയിൽ ജനങ്ങളെ കൂട്ടത്തോടെ നിർത്തി ശരീരത്തിൽ അണുനാശിനി തളിക്കുന്നത് അവർക്ക് ശാരീരികവും മാനസികവുമായി ഹാനികരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേൽ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ പലഭാഗത്തും സോഡിയം ഹൈപോ ക്ലോറൈറ്റ് പല സ്ഥലങ്ങളിലും അണുനശീകരണിയായി മനുഷ്യരുടെ മുകളിൽ തളിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. ഈ രീതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളും അവലംബിച്ച വരുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വ്യക്തികളുടെയോ കൂട്ടമാളുകളുടെയോ ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിർദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവർക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാൽ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കാറ്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

കോവിഡ് രോഗബാധിതരോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന പ്രദേശങ്ങൾ / ഉപരിതലങ്ങൾ മാത്രം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് രാസ അണുനാശിനികൾ ശുപാർശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിർദേശമുള്ളതും.

Exit mobile version