ലോക്ക്ഡൗൺ വീണ്ടും നീട്ടിയതോടെ വീട്ടിൽ പോയ ഭാര്യയ്ക്ക് തിരികെ എത്താനായില്ല; ഭർത്താവ് മുൻകാമുകിയെ വിവാഹം കഴിച്ചു; ഒടുവിൽ പോലീസ് കേസും അറസ്റ്റും

ബീഹാർ: കൊവിഡ് വ്യാപനത്തെ തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ പലരുടേയും ജീവിതത്തെ പലവിധത്തിലാണ് ബാധിച്ചിരിക്കുന്നത്. ആദ്യം 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിന്ന ലോക്ക് ഡൗൺ 19 ദിവസം കൂടി കേന്ദ്രം നീട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഭാര്യ മാതാപിതാക്കളെ കാണാനായി പോയി അവരുടെ വീട്ടിൽ കുടുങ്ങിപ്പോയതിന്റെ ദേഷ്യത്തിൽ ഭർത്താവ് മുൻ കാമുകിയെ വിവാഹം ചെയ്‌തെന്ന വിചിത്ര വാർത്തയും പുറത്തുവന്നിരിക്കുകയാണ്.

ബീഹാറിൽ പാലിഗഞ്ചിലാണ് സംഭവം നടന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ധബിഹാറിലെ ധീരജ് കുമാർ എന്നയാളുടെ ഭാര്യ ലോക്ക് ഡൗൺ ആകുന്നതിന് മുൻപ് ഡൽഹി ബസാറിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്ത് പോയിരുന്നു. എന്നാൽ തിരികെ വരുന്നതിന് മുൻപ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തുടർന്ന് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ വരാൻ ഭാര്യക്ക് സാധിച്ചില്ല. എന്നാൽ എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങി എത്തണമെന്ന് ധീരജ് നിർബന്ധം പിടിച്ചെങ്കിലും 21 ദിവസത്തെ ലോക്ക്ഡൗൺ തീരുമ്പോൾ മടങ്ങാമെന്ന കണക്കുകൂട്ടലിലായിരുന്നു ധീരജിന്റെ ഭാര്യ.

എന്നാൽ ലോക്ക് ഡൗൺ മേയ് 3 വരെ നീട്ടിയതായി പ്രധാനമമന്ത്രി പ്രഖ്യാപിച്ചതോടെ തിരികെ വരാൻ സാധിക്കാത്ത അവസ്ഥയിലുമായി. ഭാര്യയോടും ഭാര്യ വീട്ടുകാരോടും അരിശം പൂണ്ട ധീരജ് മുൻ കാമുകിയെ വിവാഹം കഴിക്കാൻ തിരുമാനിക്കുകയും. വിവാഹം ചെയ്യുകയും ചെയ്തു.

അതേസമയം, ഇക്കാര്യമറിഞ്ഞ ആദ്യഭാര്യ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ പോയി ധീരജിനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുത്തിരിക്കുകയാണ്. ഇന്നലെ ധീരജ് കുമാറിനെ പോലീസ് മൊഴിയെടുക്കാനായി സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി. സംഭവം സത്യമെന്ന് മനസിലായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Exit mobile version