രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ ഇനിയും നീളാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അവശവിഭാഗങ്ങള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍. ഇനിയും ലോക്ക് ഡൗണ്‍ നീളാനിടയായാല്‍ വലിയ വിഭാഗം ജനങ്ങള്‍ ഉറപ്പായും ദരിദ്രത്തിലാവുമെന്ന് നൊബേല്‍ പുരസ്‌കാര ജേതാക്കളായ അമര്‍ത്യസെന്‍, അഭിജിത് ബാനര്‍ജി, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ മുന്നറിയിപ്പു നല്കി.

രാജ്യത്ത് ഇനി വരാനിരിക്കുന്നതു കടുത്ത പ്രതിസന്ധിഘട്ടമാണ്. പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ കരുതലെടുക്കേണ്ടതുണ്ട്. എഫ്.സി.ഐ. ഗോഡൗണുകളില്‍ 7.7 കോടി ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ട്. പുതിയ വിളവെടുപ്പുകാലം തുടങ്ങിയതിനാല്‍ ഇതിനിയും കൂടും.

നിലവില്‍ ഒരാള്‍ക്കു മൂന്നുമാസത്തേക്ക് അഞ്ചു കിലോഗ്രാം അധികധാന്യം വീതം നല്‍കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതു മൂന്നുമാസത്തേക്കു മാത്രം പോരെന്നും റേഷന്‍ പട്ടികയില്ലാത്തവര്‍ക്കും താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കി ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്നും സാമ്പത്തികവിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡില്‍മാത്രം ഏഴുലക്ഷം പേരാണ് റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചു കാത്തിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ പരിഹരിക്കാനാവില്ല. എന്നാല്‍, ആറു മാസത്തേക്ക് താത്കാലിക റേഷന്‍ കാര്‍ഡുകള്‍ നല്കി, ഇതുവഴി അര്‍ഹരായവര്‍ക്ക് ഭക്ഷ്യധാന്യവും മറ്റും ലഭ്യമാക്കാനാവുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്തുള്ളവര്‍ പട്ടിണികിടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യവിതരണം മാത്രം പോരെന്നും അതിഥിത്തൊഴിലാളികള്‍ക്കും മറ്റുമായി പൊതുകാന്റീനുകള്‍ തുറക്കണമെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സന്നദ്ധ സംഘടനകളുടെ സേവനവും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം.

ലോക്ക് ഡൗണായതിനാല്‍ പലര്‍ക്കും ജോലിയില്ല. അതിനാല്‍ ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. വായ്പ മുടങ്ങിക്കിടക്കുന്നവര്‍, വരുമാനം നഷ്ടപ്പെട്ടവര്‍, വിളവിറക്കാനും വളത്തിനും പണമില്ലാതെ വലയുന്ന കര്‍ഷകര്‍, കടയുടമകള്‍ തുടങ്ങി ഒട്ടേറെപ്പേരുണ്ടെന്നും ഇവരുടെ ആശങ്കയകറ്റാനുള്ള നടപടികളുണ്ടാവണമെന്നും അവര്‍ വ്യക്തമാക്കി.

തൊഴിലുറപ്പ്, ആരോഗ്യ, ഉജ്ജ്വല പദ്ധതികളുടെയൊക്കെ ഗുണഭോക്താക്കളെ കണ്ടെത്തി ദരിദ്രരുടെ മൊത്തം പട്ടിക തയ്യാറാക്കി അവരുടെയെല്ലാം ജന്ധന്‍ അക്കൗണ്ടുകളില്‍ 5000 രൂപ വീതം നല്‍കണമെന്നും ജനങ്ങല്‍ക്കുവേണ്ടി ബുദ്ധിപരമായ ചെലവഴിക്കലാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ അനിവാര്യമെന്നും സാമ്പത്തികവിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version