വിശപ്പടക്കാന്‍ ശ്മശാനത്തില്‍ നിന്നും അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച പഴങ്ങള്‍ പെറുക്കിയെടുത്ത് കുടിയേറ്റ തൊഴിലാളികള്‍; ഇതും ലോക്ക് ഡൗണിലെ കാഴ്ച, ദയനീയമെന്നല്ലാതെ ഈ കാഴ്ചയെ മറ്റെന്ത് പറയും?

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്നീട് മെയ് മൂന്നുവരെയായി നീട്ടുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ലോക്ക് ഡൗണ്‍ പോലുള്ള നടപടികളിലേക്ക് രാജ്യം കടന്നതെങ്കിലും ഈ ലോക്ക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയ രാജ്യത്തിന്റെ പലഭാഗത്തായുള്ള കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണ് ഇതിലേറെയും ദുരിതത്തിലായത്. ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത് തന്നെ.

അതിനിടെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതാവസ്ഥ ആഴത്തില്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. ഡല്‍ഹിയിലെ യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികള്‍ ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്ന ദൃശ്യങ്ങളാണിത്.

തികച്ചും ദയനീയമെന്നല്ലാതെ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് മറ്റൊന്നും പറയാനില്ല. വെയിലത്ത് കൂട്ടിയിട്ടിരുന്ന പഴങ്ങളില്‍ ചീഞ്ഞുപോവാത്തത് നോക്കി തെരഞ്ഞെടുത്ത് ബാഗുകളിലാക്കുകയാണ് ഇവര്‍. ഡല്‍ഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടില്‍ നിന്നുമുള്ള ദൃശ്യങ്ങളാണിത്.

ഇവിടെ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച പഴങ്ങളാണ് കുടിയേറ്റ തൊഴിലാളികള്‍ വിശപ്പ് മാറ്റാനായി എടുക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയില്‍ യമുനാ തീരത്തും, പാലത്തിന്റെ അടിയിലുമായി നൂറുകണക്കിന് തൊഴിലാളികളാണ് അഭയം തേടിയിരിക്കുന്നത്. അടുത്തുള്ള ഗുരുദ്വാരയില്‍ നിന്ന് നല്കുന്ന ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പട്ടിണിയിലായ നിരവധി പേരുണ്ട്. ജനങ്ങള്‍ പട്ടിണിയിലാവാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും എത്തിപ്പെടാത്ത ഒരുപാടുപേര്‍ ഇനിയുമുണ്ടെന്ന് വ്യക്തമാക്കിത്തരികയാണ് കുടിയേറ്റ തൊഴിലാളികളുടെ ഈ ദൃശ്യങ്ങള്‍.

Exit mobile version