മൂക്കും വായും മറച്ച് മോഡി; ട്വിറ്ററിൽ പുതിയ പ്രൊഫൈൽ ഫോട്ടോയിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നതായി രാജ്യത്തെ അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊവിഡെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറച്ചുകൊണ്ടുള്ള ചിത്രമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.

ചൊവ്വാഴ്ച രാവിലെ വായും മൂക്കും മറച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി എത്തിയത്. കോറോണ വൈറസ് ബാധയിൽ നിന്ന് മുക്തിനേടുന്നതിനായി വായും മൂക്കും മൂടുകയും കൈകൾ കഴുകുന്നതിന്റേയും സാമൂഹിക അകലംപാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനമന്ത്രി ആവർത്തിച്ചു.

വീട്ടിൽ തന്നെ മാസ്‌ക്കുകൾ നിർമിക്കണമെന്നും രോഗപ്രതിരോധത്തിനായി എല്ലാമുൻകരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്‌ബോധനം ചെയ്തു. പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മുഖംമറച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിന് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്.

Exit mobile version