കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു, മരണം 339 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ 10363 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1211 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസത്തില്‍ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്. ഇതുവരെ 339 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 352 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 2334 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഒമ്പത് പേരാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര.

അതേസമയം ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊവിഡ് വൈറസ് ബാധിതയായ മലയാളി നഴ്‌സിന്റെ രണ്ട് വയസ് പ്രായമുള്ള കുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ല എന്നാണ് റിപ്പോര്‍ട്ട്. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുള്ള നഴ്സ് എട്ട് മാസം ഗര്‍ഭിണി കൂടിയാണ്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29പേരാണ് ഈ ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 1മുതല്‍ ആശുപത്രി അടച്ചിട്ടിരുന്നു.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 93 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 897 കടന്നു. ഗുജറാത്തില്‍ പുതിയ 34 കേസ് കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 572 ആയി. ജമ്മു കശ്മീരില്‍ 25 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. അരുണാചല്‍ പ്രദേശിലും ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. ഉത്തര്‍പ്രദേശില്‍ 62 ഹോട്ട് സ്‌പോട്ടുകള്‍ കൂടി കണ്ടെത്തി. 64 വയസ്സുള്ള രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കെജിഎംയു ആശുപത്രിയിലെ 65 ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.

Exit mobile version