മോഡി സര്‍ക്കാര്‍ പുറത്തിറക്കിയ 500, 2000 കറന്‍സികള്‍ക്ക് ‘അല്‍പ്പായുസ്’; പെട്ടെന്ന് പഴകുന്നെന്ന് പരാതി; സാരി തുമ്പിലൊക്കെ കെട്ടുന്നത് കൊണ്ടാണെന്ന് ധനമന്ത്രാലയം

മോഡി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500ന്റേയും 2000ന്റേയും കറന്‍സികള്‍ക്ക് അല്‍പ്പായുസ് മാത്രമെന്ന് വ്യാപക പരാതി.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ മോഡി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500ന്റേയും 2000ന്റേയും കറന്‍സികള്‍ക്ക് അല്‍പ്പായുസ് മാത്രമെന്ന് വ്യാപക പരാതി. ഈ കറന്‍സികള്‍ പെട്ടെന്ന് ഉപയോഗിക്കാനാകാത്ത വിധം പഴയതാകുന്നതായി റിപ്പോര്‍ട്ടുകള്‍. കറന്‍സി പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും 2000, 500 നോട്ടുകള്‍ അതിവേഗം പഴകിപോകുന്നതിന് പിന്നില്‍ പേപ്പറിന്റെ ഗുണനിലവാരം കുറഞ്ഞതാണെന്നാണ് ഹിന്ദി ദിനപത്രമായി അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണം ഇല്ലാതാക്കി സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നിലവിലുണ്ടായിരുന്ന ഏറ്റവും മൂല്ല്യമേറിയ കറന്‍സികളായ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചത്. പിന്നീടിറക്കിയ 2000,500 നോട്ടുകളുടെ ഗുണനിലവാരം സംബന്ധിച്ച് അന്നുതൊട്ടേ ആക്ഷേപമുണ്ടായിരുന്നു.

നോട്ടുകള്‍ രണ്ട് വര്‍ഷം കൊണ്ട് തന്നെ പഴകിപോയപ്പോള്‍ അത് സാമ്പത്തിക ഇടപാടുകളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കറന്‍സി ഉപയോഗിക്കാനാവാത്ത വിധം പഴകുന്നതോടെ എടിഎമ്മില്‍ നിന്നടക്കം ഇവ പിന്‍വലിക്കേണ്ടിയും വരും. എടിഎം മെഷീനുകളുടെ സെന്‍സറുകള്‍ പഴയ നോട്ടുകളെ വേണ്ടവിധം തിരിച്ചറിയാത്തതാണ് കാരണം.

2000, 500 കറന്‍സികള്‍ മാത്രമല്ല 2018 ല്‍ പുറത്തിറക്കിയ 10 രൂപ നോട്ടുകള്‍ പോലും ഉപയോഗിക്കാനാവാത്ത വിധം പഴകിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് പഴയ നോട്ടുകള്‍ തരം തിരിക്കുന്ന പ്രക്രിയ ബാങ്കുകള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പുതിയ നോട്ടുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇന്ത്യയില്‍ നോട്ടുകള്‍ മടക്കി സാരിത്തുമ്പിലും മുണ്ടിന്‍ തലപ്പത്തും കെട്ടുന്നതു കൊണ്ടാണ് നോട്ടുകള്‍ പെട്ടെന്ന് പഴകുന്നതെന്നും ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version