വരുന്ന മൂന്നുനാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകം, ജാഗ്രത; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊറോണയെ തടയാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്ന് പരിശ്രമിച്ചതിനാല്‍ വൈറസ് ബാധിതരുടെ എണ്ണംകുറയ്ക്കാന്‍ കഴിഞ്ഞെന്ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

രാജ്യവ്യാപക അടച്ചിടലിനുശേഷം കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്നാണ് പൊരുതിയതെന്നും അതിനാല്‍ കൊറോണയുടെ പ്രത്യാഘാതങ്ങള്‍ കുറഞ്ഞുവെന്നും രണ്ടാഴ്ചകൂടി അടച്ചിടല്‍ നീട്ടണമെന്ന ധാരണയാണ് പൊതുവില്‍ ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടച്ചിടല്‍ ലംഘിക്കുന്നത് കര്‍ശനമായി നേരിടുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചു. കൊറോണ ബാധയുള്ളവരെ തിരിച്ചറിയാന്‍ വികസിപ്പിച്ച ആരോഗ്യസേതു ആപ് കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് ജനകീയമാക്കുകയും വേണമെന്നും മോഡി പറഞ്ഞു.

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുപോകാനുള്ള ഇ-പാസായി അതിനെ മാറ്റാനാവും. കൊറോണ ചികിത്സയ്ക്കുള്ള മരുന്നിന്റെ ലഭ്യതയില്‍ ആശങ്കവേണ്ട. ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്നും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സാധനസാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തുമെന്നും മോഡി വ്യക്തമാക്കി.

Exit mobile version