വില കുറയാന്‍ സമ്മതിക്കാതെ കേന്ദ്രം! പെട്രോള്‍,ഡീസല്‍ വില കുറയുന്നു; എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചന

എണ്ണവിലയുടെ എക്‌സൈസ് ഡ്യൂട്ടി കൂട്ടി വീണ്ടും ജനങ്ങളേയും എണ്ണക്കമ്പനികളേയും പിഴിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നതിനിടെ എണ്ണവിലയുടെ എക്‌സൈസ് ഡ്യൂട്ടി കൂട്ടി വീണ്ടും ജനങ്ങളേയും എണ്ണക്കമ്പനികളേയും പിഴിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇളവ് വരുത്തിയ എക്സൈസ് ഡ്യൂട്ടി തിരികെ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്. ഡ്യൂട്ടി ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ കൂട്ടുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ ദിനങ്ങളില്‍ വര്‍ധിച്ചത് ഏറെ ജനരോഷം വിളിച്ചുവരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ എക്സൈസ് നികുതി ലിറ്ററിന് ഒരു രൂപ കുറച്ചത്. ഒക്ടോബറിലായിരുന്നു ഇളവ് വരുത്തിയത്. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില പ്രകടമായി താഴുകയാണ്. ക്രൂഡിന്റെ വില 30 ശതമാനത്തോളം കുറഞ്ഞു. ഇതുമൂലം എണ്ണ വിതരണ കമ്പനികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോള്‍, ഡീസല്‍ വില കുറച്ചു വരികയാണ്. ഈ സാഹചര്യം മുതലെടുത്താണ് എക്സൈസ് ഡ്യൂട്ടി കൂട്ടുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

രണ്ടു മാസം മുമ്പ് ബാരലിന് 86 ഡോളറായിരുന്ന വില ഇപ്പോള്‍ 60 ഡോളറാണ്. ഇത് ഇനിയും കുറയുമെന്നാണ് മാര്‍ക്കറ്റ് വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സപ്ലൈ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ വില 50 ഡോളറായാലും അതിശയിക്കാനില്ല. അപ്പോള്‍ എണ്ണ കമ്പനികള്‍ നേരിയ തോതില്‍ വില കുറയ്ക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ എന്ന സര്‍വകാല റെക്കോഡിലെത്തിയ മഹാരാഷ്ട്രയില്‍ വില 80 രൂപക്ക് താഴെയെത്തി.എന്നാല്‍ ഇതിന് അനുസൃതമായ വിലക്കുറവ് എണ്ണ കമ്പനികള്‍ വിലയില്‍ വരുത്തിയിട്ടില്ല.

ഇത് മുതലെടുത്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. എക്സൈസ് ഡ്യൂട്ടിയില്‍ വര്‍ധന വരുത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിഗമനം. ഇത്തരത്തില്‍ ധനകമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുന്നതിന് ഡ്യൂട്ടി കൂട്ടി വരുമാനം ഉയര്‍ത്തണമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭിപ്രായം.

നിലവില്‍ പെട്രോളിന് ലിറ്ററിന് 18.48 രൂപയും ഡീസലിന് 14.33 രൂപയുമാണ് എക്സൈസ് തീരുവ.

Exit mobile version