മഹാരാഷ്ട്രയില്‍ നിന്ന് ഒഡീഷയിലെ വീട്ടിലെത്താന്‍ 1700 കിലോമീറ്റര്‍ സാഹസികമായി സൈക്കിള്‍ ചവിട്ടി 20 കാരന്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി പേരാണ് വീടുകളില്‍ എത്താന്‍ കഴിയാതെ പലയിടങ്ങളിലായി കുടുങ്ങിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണവും താമസവും കിട്ടാതായതോടെ ആളുകള്‍ കിലോമീറ്ററുകള്‍ താണ്ടി സ്വന്തം നാടുകളിലേക്ക് പാലായനം ചെയ്തു.

അത്തരത്തില്‍ അതിജീവനത്തിനുള്ള ഒരു പാലായനത്തിന്റെ കഥയാണ് മഹേഷ് എന്ന തൊഴിലാളിക്ക് പറയാനുള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ഒഡീഷയിലെ വീട്ടിലെത്താന്‍ 1,700 കിലോമീറ്ററാണ് ഇയാള്‍ സൈക്കിളില്‍ സഞ്ചരിച്ചത്. ദ ഹിന്ദു പത്രമാണ് ഈ യുവാവിന്റെ സാഹസിക യാത്രയെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകത്തെത്തിച്ചത്.

ഏപ്രില്‍ ഒന്നിനാണ് മഹേഷ് എന്ന 20 കാരന്‍ സൈക്കിളുമായി ഇറങ്ങിയത്.സാഹസികമായ യാത്രക്കൊടുവില്‍ എഴാം ദിവസം സ്വന്തം ഗ്രാമത്തിലെത്തി. അപ്പോഴേക്കും 1700 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഒഡീഷയിലെ ജജ്പൂരി ജില്ലയിലെ ബദാസുരി ഗ്രാമത്തിലാണ് മഹേഷിന്റെ വീട്. യാത്രക്ക് റൂട്ട് മാപ്പൊന്നും ഉണ്ടായിരുന്നില്ല. ട്രയിനില്‍ യാത്ര പോകുമ്പോള്‍ കണ്ട പ്രധാന സ്റ്റേഷനുകളുടെ പേരുകള്‍ ഓര്‍മയിലുണ്ടായിരുന്നു.സ്വയം തീര്‍ത്ത റൂട്ടുമാപ്പിലൂടെ ദിവസം 200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടും. ദിവസവും ജോലിക്ക് 12 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നതാണ് മഹേഷിന്റെ ധൈര്യം. ആ ധൈര്യത്തിനു പുറത്താണ് ഈ സാഹസികത യാത്ര നടത്തിയത്.

നേരം പുലരും മുമ്പ് യാത്ര ആരംഭിക്കും.ഉച്ചഭക്ഷണം വരെ നിര്‍ത്താതെ സൈക്കിള്‍ ചവിട്ടും.ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി വഴിയില്‍ തുറന്നിട്ട ധാബകളില്‍ നിന്ന് അത്യാവശ്യ വസ്തുക്കള്‍ വാങ്ങും. ഭക്ഷണം കഴിക്കാനും ഉറങ്ങാനും വിശ്രമിക്കാനും ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് മാറ്റിവെക്കുക. ചില ട്രക്ക് ഡ്രൈവര്‍മാരോട് കൊണ്ടുപോകാന്‍ മഹേഷ് യാചിച്ചുവെങ്കിലും പോലീസിനെ ഭയന്ന് അവരാരും തയ്യാറായില്ല.പെര്‍മിറ്റ് റദ്ധാക്കുമെന്നായിരുന്നു അവരുടെ പേടി.

കനത്ത ചൂടും ക്ഷീണവും മഹേഷിനെ തളര്‍ത്തിയെങ്കിലും ലക്ഷ്യം പൂര്‍ത്തിയാക്കാതെ പിന്മാറാന്‍ തയാറായിരുന്നില്ല.കാരണം ഇത് ജീവിക്കാനുള്ള പോരാട്ടമായിരുന്നു.ലോക്ക് ഡൗണ്‍ സാദാരണജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദുരന്തങ്ങളുടെ ആഴം അത്ര ഭീകരമായിരുന്നു.രാത്രികളില്‍ റോഡരികിലെ ക്ഷേത്രങ്ങളും സ്‌കൂളുകളും മഹേഷിന് സുരക്ഷിതമായ വിശ്രമകേന്ദ്രങ്ങളായി.

മഹാരാഷ്ട്ര അതിര്‍ത്തിയില്‍വെച്ച് പോലീസ് പിടിച്ചു. സാഹസികവും അത്ഭുതകരവുമായ സൈക്കിള്‍ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ നല്ല മനസുള്ള അവര്‍ പോകാനനുവദിച്ചു. യാത്ര തുടങ്ങി നാലാം ദിനം വഴിയരികില്‍ കണ്ട അപരിചിതനില്‍ നിന്ന് കടമെടുത്ത ഫോണില്‍നിന്ന് വിട്ടിലേക്ക് വിളിച്ചു. ഏപ്രില്‍ 7 ന് വീട്ടിലെത്തി. നാട്ടുകാര്‍ ഉടന്‍തന്നെ ഗ്രാമത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ ആശുപത്രിയിലെത്തിച്ചു.

Exit mobile version