‘അതെയെന്നാണ് എന്റെ ഒറ്റയടിക്കുള്ള ഉത്തരം’;സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: പടര്‍ന്നുപിടിച്ച് ജീവന്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മൂലം ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്കേറ്റ ആഘാതം ചെറുതൊന്നുമല്ല. നിലവിലെ സമ്പദ്ഘടനയിലെ പ്രതിസന്ധി നേരിടാന്‍ ഇന്ത്യയിലേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

എന്‍ഡിടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന സൂചന നല്‍കിയത്. കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം വ്യോമഗതാഗത മേഖലയും ബാങ്കിങ് മേഖലയുമെല്ലാം കടുത്ത പ്രതിസന്ധിനേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.

കൊറോണ കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സഹായിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യം അവതാരകന്‍ ചോദിച്ചപ്പോള്‍ അതെയെന്നാണ് എന്റെ ഒറ്റയടിക്കുള്ള ഉത്തരം എന്നാണ് രഘുറാം രാജന്‍ നല്‍കിയ മറുപടി. ‘ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അടുത്ത വര്‍ഷം തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം’ എന്നും അദ്ദേഹം പറഞ്ഞു.

‘ മഹാമാരിയുടെ തിരിച്ചുവരവ് ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ മുന്‍കരുതലുകള്‍ എടുക്കണം. ഇറ്റലിയിലെയും അമേരിക്കയിലെയും പോലെ കൊറോണ പടരുകയാണെങ്കില്‍ നമ്മള്‍ അതീവ ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. പൊതുജനാരോഗ്യരംഗത്താണ് ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. ആശുപത്രി കിടക്കകള്‍ രോഗികളെ കൊണ്ട് നിറഞ്ഞു’, രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version